Saturday 10 September 2016

ഓണാശംസകള്‍...മാറുന്ന ഓണം



ഒരു വസന്തകാലത്തിന്റെ ഓര്‍മകളുമായി പൂവിളികളും ആഘോഷങ്ങളുമായി ഈ പൊന്നിന്‍ ചിങ്ങമാസത്തില്‍ സമ്പല്‍സമൃദ്ധിയുടെ നിറവില്‍ മറ്റൊരു പോന്നോണക്കാലംകൂടി വരവായി. ഗൃഹാതുരത്വത്തിന്റെ മധുരസ്മൃതികള്‍ക്കിപ്പുറത്ത് ഗതകാലസ്മരണയുടെ വേലിയേറ്റത്തിന്റെ മറ്റൊരോണക്കാലം. മാമലനാടിന്റെ മഹോത്സവം. കാട്ടിലും മേട്ടിലും തുമ്പയും മുക്കുറ്റിയും കണ്ണാന്തളിയും കാക്കപ്പൂവും മിഴിതുറന്നു നിക്കുന്ന പ്രകൃതി. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മനുഷ്യനിലുപരി പ്രകൃതിയുടെ ആഘോഷമാണ് ഓണം. പൂകളുടെയും പക്ഷികളുടെയും വൃക്ഷലതാതികളുടെതുമാണ് ഓണം. തുമ്പയും മുക്കുറ്റിയും പ്രകൃതിക്ക് തിലകംചാര്‍ത്തി ഒരിക്കല്‍ക്കൂടി മാവേലിമന്നന്റെ തലോടലിനായി കാത്തുനില്‍ക്കുന്നു. മഴപെയ്ത് നനഞ്ഞുകുതിര്‍ന്ന മണ്ണില്‍നിന്നും പുതുമണ്ണിന്റെ ഗന്ധം പരത്തി പ്രകൃതി പൂക്കാലത്തിന്റെ പട്ടുപുതച്ചും, പുത്തരിക്കണ്ടം കൊയ്തും പൂവിളികളുടെ താരാട്ടുമായാണ് മലയാളികല്‍ക്കിടയിലേക്ക് പൊന്നോണം വന്നെത്തുന്നത്. പ്രകൃതിസൗന്തര്യത്തിന്റെയും കേരളസംസ്ക്കരത്തിന്റെയും കാര്ഷികോല്‍ത്സവത്തിന്റെയും തനിമയും പാരബര്യവും വിളിച്ചോതുന്നതാണ് ഓണം.
നമ്മുടെ മുതുമുത്തച്ഛന്മാര്‍ അനുഭവിച്ച ആഹ്ലാതതിന്റെയും ആഘോഷത്തിന്റെയും ഓണനാളുകളാണോ ഞാനടക്കമുള്ള പുതുതലമുറകള്‍ ഇന്ന് അനുഭവിക്കുനത്? ആ ഗൃഹാതുരത്വത്തിന്റെ മാതുര്യവും പ്രകൃതിയെ സ്നേഹിക്കാനും ബഹുമാനിക്കനുമുള്ള മനസ്സ് മലയാളിക്ക് കൈമോശം വന്നിരിക്കുന്നു. വ്യാവസായിക വിപ്ലവത്തിന്റെ ആവിഎഞ്ചിന്‍ ഗ്രാമങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ നമുക്ക് നഷ്ട്ടമായത് നമ്മളെതന്നെയാണ്, നമ്മുടെ പാരമ്പര്യത്തിന്റെ, സംസ്ക്കാരത്തിന്റെ വേരുകള്‍തന്നെയാണ്. വ്യവസായത്തിന്റെയും വിവരസാങ്കേതികവിദ്യയുടെയും അനന്തവിഹായസ്സിലേക്ക് ചിറകുവച്ച് പറന്നുയരുന്ന ന്യൂജെനറേഷന്‍ മലയാളികള്‍ക്ക് ഗൃഹാതുരത്വത്തിന്റെ ആമാടപെട്ടിയില്‍ ഓണത്തെകുറിച്ച് ആ നല്ല ഇന്നലെയെക്കുറിച്ച് ഓര്‍ക്കാന്‍ ഒരേടെങ്കിലും അവശേഷിക്കുന്നുണ്ടോ? ഒരുപിടി സന്തോഷത്തിന്റെയും സങ്കടത്തിന്റെയും കുറേ നല്ല ഓര്‍മകളുടെതുകൂടിയാണ് ഓണം. ഓര്‍മകളുടെ വേലിയേറ്റവും വെലിയിറക്കവുമാണ്. ആ ഓര്‍മകളെ തിരിഞ്ഞുനോക്കി കൈയ്യേത്തിപിടിക്കാനുള്ള ഒരുദിവസം അതൊരുപക്ഷേ ദാരിദ്ര്യതിന്റെയോ ഇല്ലയ്മയുടെയോ സംബന്നയുടെതോ ആകാം. രണ്ടായാലും അതിനു പ്രകൃതിയുടെ ഗന്ധമുണ്ടായിരിക്കും പൂക്കളുടെ വര്‍ണങ്ങളും ഗൃഹാതുരത്വത്തിന്റെ ഗതകാലസ്മരണകള്‍ അലയടിച്ചുകൊണ്ടിരിക്കും. എന്നാല്‍ ഇതെല്ലം നമുക്ക് അന്യമായിരിക്കുന്നു. ഇന്ന് എല്ലാവര്‍ക്കും തിരക്കോട് തിരക്കാണ് ലോകം വെട്ടിപ്പിടിക്കാനുള്ള തിരക്ക്, അതിനിടയില്‍ മാതാപിതാക്കളെയും നാടിനെയും വീടിനെയും സ്വന്തം മക്കളെപ്പോലും തിരിഞ്ഞുനോക്കാന്‍ സമയമില്ലാത്തവര്‍, ഇതാണ് യാഥാര്‍ഥ്യം.എല്ലാവരും സ്നേഹിക്കുന്നത് സ്വന്തം നാടിനെയല്ല മറിച്ച് പണത്തെമാത്രമാണ് അതുകൊണ്ടുതന്നെ സമ്പത്തിന്റെ വക്താക്കളും സംസ്ക്കാരത്തിന്റെ നിഷേധികളുമായിരിക്കുന്നു നാം ഇന്ന്. ഓണത്തിന്റെ വരവറിയിചെത്തുന്ന ഓണതുബികളുടെകൂടെ ആദിയും പാടിയും നടന്ന ആ കുട്ടിക്കാലം, പാടത്തും വരമ്പിലും പരല്‍മീന്‍ പിടിച്ചുനടന്ന ആ കാലം പമ്പരം കളിയും പൂകൂടയുമായി ഓണപ്പാട്ടും പാടി അതിരാവിലെ പൂതേടിയലഞ്ഞിരുന്ന ആ കുട്ടിക്കാലം അത് നമ്മളില്‍നിന്നും വളരെ അകലെയായിരിക്കുന്നു.കൈയെത്തിപ്പിടിക്കാന്‍ കഴിയുന്നതിനും എത്രയോ ദൂരത്ത് അത് പോയ്മറഞ്ഞിരിക്കുന്നു. ഇനിവരുന്ന പുതിയതലമുറയോട് ഓണപ്പാട്ടിനെക്കുറിച്ചോ പാടത്തെക്കുറിച്ചോ ഓണതുബിയെക്കുരിച്ചോ ചോതിക്കുകയെ അരുത്, അത്രമേല്‍ അതവരില്‍നിന്നും അന്യംവന്നിരിക്കും, തീര്‍ച്ച. എന്നാല്‍ ഇതനുഭവിച്ച് വളരാന്‍ ഭാഗ്യം ലഭിച്ചവരാണ് നമ്മുടെ പൂര്‍വികര്‍. ഓണത്തെവരവേല്‍ക്കാന്‍ ഒരുപാട് സ്വപ്നങ്ങളും അതിലേറെ ആഗ്രഹങ്ങളുമായി ഉത്സാഹത്തോടെ കാത്തുനിന്നിരുന്ന പൂര്‍വികരുടെ ആ കാലത്തെ ഓണതെയല്ല നാം ഇന്ന് വരവേല്‍ക്കുന്നത്. മറിച്ച് ഡിസ്കൌണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും കാത്തിരിക്കുന്ന അല്ലെങ്കില്‍ അതിനായി കടകള്‍ത്തോറും കയറിയിറങ്ങുന്ന മലയാളിയുടെ മുന്‍പിലേക്ക് ബംബര്‍പ്രൈസ്സായിട്ടാണ് ഇന്ന് ഓണം കടന്നുവരുന്നത്. ഇന്ന് ഓണം ഒരുവെറും ഒരായുധം മാത്രമാണ് വന്‍കിട കമ്പനിക്കാര്‍ക്ക് അവരുടെ പഴയതും കേടുവന്നതും പുതിയതുമായ ഉത്പന്നങ്ങള്‍ ഒരുപോലെ വിറ്റഴിക്കാനുള്ള ഒരു സീസണ്‍, മാര്‍ക്കറ്റിങ്ങിനുള്ള ഒരു വജ്രായുധം. ഓണത്തപ്പനും മാതേവരും ഓണപാട്ടുകളും ഓണക്കളികളും ഓണതുബിയും പുലിക്കളിയും അങ്ങനെ എല്ലാം എല്ലാം പരസ്യകോളത്തിലും മിനിസ്ക്രീനിലും മാത്രമായി ഒതുങ്ങിക്കൂടിയിരിക്കുന്നു. ഇന്ന് ഓണം കേരളത്തിലെ ഏറ്റവും വലിയ പ്രകൃതിയുടെ കൃഷിയുടെ ഉത്സവം ഇന്ന് ഏറ്റവും വലിയ മാര്‍ക്കറ്റിംഗ് സീസണ്‍ എന്ന കാപ്ഷനില്‍ മാത്രം ഒതുങ്ങിക്കൂടിയിരിക്കുന്നു. ഇന്ന് ഒരുവീട്ടുമുട്ടറ്റത്തും മാതേവരെകണ്ടില്ലെങ്കിലും വിഷമിക്കേണ്ട നിങ്ങള്‍ വെരുതെ ഒന്നു പുറത്തേക്കിറങ്ങിയാല്‍ മതി പല രൂപത്തിലും ഭാവത്തിലും നിറങ്ങളിലുമുള്ള മാവേലി ബൈകിലും കാറിലും പോകുന്ന മാവേലി എന്തിനേറെ എഴുനില കെട്ടിടത്തിന്റെ മുകളില്‍പോലും കാണാം നമുക്ക് മാവേലിയെ.
ഇന്നത്തെ ഓണം ഇങ്ങനെയാണ്. കലണ്ടറിലെ കുറേ ചുവന്ന അക്കങ്ങള്‍ക്കപ്പുറത്ത്, ഒരു ഷോപ്പിങ്ങിന്റെ ആഹ്ലാതത്തിനപ്പുറത്ത്, എക്സ്ചേഞ്ച് ഓഫറുകളുടെ പെരുഴക്കലത്തിനപ്പുറം ഓണം ഒന്നുമാല്ലതായിരിക്കുന്നു. എവിടെപ്പോയോളിച്ചു നമ്മുടെ ഓണത്തപ്പനും ഓണപ്പാട്ടുകളും പുലിക്കളിയും. എന്റെ തലമുറകള്‍ക്ക് പറയാന്‍ ഒരു ഓണത്തപ്പനും അത്തം മുതല്‍ പത്തുദിവസം മുറ്റത്ത്‌ ചാണകമെഴുകി പൂക്കളം തീര്‍ക്കുന്നതും, ഉത്രാടദിനം ഏഴരവെളുപ്പിനുണര്‍ന്നു മാതേവരെ പ്രതിഷ്ട്ടിക്കുന്നതും, പൂവിളികളും ഓണതുബിയും പുലിക്കളികളുടെയും ദീപ്തസ്മരണകളെങ്കിലും കാണും എന്നാല്‍ പുതുതലമുറയോട് ഇതൊന്നും ചോതിച്ചുപോകരുത്, കാരണം മഹാബലിയെ ചോതിച്ചാല്‍ അയാള്‍ എതുരാജ്യക്കാരനാണ് എന്ന്ചോതിച്ചുപോകും. ഓര്‍മകളിലെ ഓണത്തിന് പലതും പറയാന്‍കാണും, പലതും നഷ്ട്ടപെട്ടവന്റെ വേതനയും സങ്കടവുമുണ്ടാകും. ചിതറിത്തെറിച്ച വാക്കുപോലെ അര്‍ത്ഥശൂന്യമായിരിക്കുന്നു ഇന്ന് ഓണം. മണ്ണുകുഴച്ച് തൃക്കാക്കരയപ്പനെ ഉണ്ടാക്കി മുറ്റത് ചാണകമെഴുകി അതില്‍ അരിമാവും വേണ്ടയിലയുടെ നീരും ചേര്‍ത്ത് അണിഞ്ഞതില്‍ നാക്കിലവച്ച് മാതേവരെ പ്രതിഷ്ട്ടിച്ച് മൂന്നുനേരവും മധുരപലഹാരങ്ങള്‍ വച്ച് നിവേദ്യമര്‍പ്പിച്ച ആ കാലം ഇന്നത്തെ തലമുറയ്ക്ക് അന്യം നിന്നിരിക്കുന്നു. ചാണകമെഴുകാന്‍ ഇന്നെവിടെയാണ്‌ പശുവുള്ളത്, ഉണ്ടെങ്കില്‍ത്തന്നെ മുറ്റംമുഴുവന്‍ കോണ്‍ക്രീറ്റ് പാളികള്‍ കൊണ്ട് പരവതാനി തീര്‍ത്തിരിക്കുകയല്ലേ നമ്മള്‍ ഒരിറ്റു ജലത്തിനുപോലും മണ്ണിലേക്ക് പോകാന്‍ അനുമതിയില്ല എന്നതാണ് വസ്തുത. ഒരു വസന്തക്കാലത്തിന്റെ ശവപ്പറബുമാത്രമാണ് നമ്മുടെ തൊടിയും നാടും വീടും എല്ലാം. തുമ്പയും കാക്കപ്പൂവും കണ്ണാന്തളിയും നമുക്ക് പൂര്‍ണമായും നഷ്ട്ടപ്പെട്ടിരിക്കുന്നു. മുക്കുറ്റിയും ചെമ്പരത്തിയും മുറ്റത്തെ റാണിയും എല്ലാം നമുക്ക് സ്മൃതികളില്‍ മാത്രം വര്‍ണം വിതറിനില്‍ക്കുന്നു തികച്ചും ഒരന്യനായി. എല്ലാം ഒരു നല്ല ഓര്‍മകളില്‍ മാത്രമായി വഴിമാറിപ്പോകുന്നു പുതിയതലമുറക്കുവേണ്ടി. അതിനാല്‍ നാം ഇനി സംസാരികേണ്ടത് ന്യൂജനറേഷന്‍ ഓണത്തെക്കുറിച്ചാണ്. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ കയറിയിറങ്ങി ഫോട്ടോ പോസ്റ്റ്‌ ചെയ്തും കമന്റടിച്ചും മറ്റുള്ളവരുടെ ടൈംലൈനില്‍ വര്‍ണങ്ങളും ഓര്‍മകളും ചാലിച്ച് കുറേ വാക്കുകള്‍ കോറിയിടുന്ന ഞാനടക്കമുള്ള പുതുതലമുറകള്‍ ആഘോഷിക്കുന്ന ഒരു ഇ-ഓണം മനസ്സിലായില്ല അല്ലെ? ഇലക്ട്രോണിക് ഓണം. ഓണയാത്രകളുടെ വിവിധയിനം ഫോട്ടോകള്‍ പരസ്പ്പരം ടാഗ്ഗ് ചെയ്തും ഇന്‍ബോക്സുകളില്‍ ആശംസകളുടെ നിലക്കാത്ത കുത്തൊഴുക്കും ഓണവിശേഷം പരസ്പ്പരം പങ്കുവക്കാന്‍ എല്ലാസമയവും ഫെയ്സ്ബുക്കിലും മറ്റുമായി നേരംകളയുന്ന പുത്തന്‍ മലയാളികള്‍. വഴിയോരകച്ചവടക്കാര്‍ മുതല്‍ വന്‍കിട കബനികള്‍ വരെ, ടി. വി ചാനലുകള്‍ മുതല്‍ ഫോണ്‍കബനികളും കൈനിറയെ ഓഫറുകളുമായാണ് മലയാളികളെ സ്വീകരിക്കുന്നത്.
ഓണത്തപ്പനെ വരവേല്‍ക്കാന്‍ തയ്യാറായി കാട്ടിലും മേട്ടിലുമുള്ള പൂകളായ പൂകളെല്ലാം അണിഞ്ഞൊരുങ്ങി നാടും നഗരവും വര്‍ണ്ണംകൊണ്ട് സമൃതമായ ആഘോഷം. പ്രകൃതിയുടെ ഉത്സവം. പ്രകൃതിചൈതന്യത്തെയും കേരളസംസ്ക്കാരത്തെയും വിളിച്ചോതുന്ന ഈ വരവേല്‍പ്പിന്റെ ഉത്സവം ഒരുപഴങ്കതയാകാതിരിക്കട്ടെ! മണ്ണിനേയും പ്രകൃതിയെയും ആചാരങ്ങളെയും സംസ്ക്കാരത്തെയും കാത്തുസൂക്ഷിക്കാനും പരിപാലിക്കാനും നമ്മുടെ പുതുതലമുറകള്‍ക്ക് കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയംഗമമായ ഓണാശംസകള്‍...

No comments:

Post a Comment