Tuesday 17 May 2022

അധ്യാപനക്കുറിപ്പ് - ചെറിയാക്കര ചെറുതല്ല


ചെറിയാക്കര ചെറുതല്ല

ജി എല്‍ പി സ്കൂള്‍ ചെറിയാക്കര.....
(The Most Happiest School)
ചെറിയ വലിയ സന്തോഷത്തിലേക്ക്....


 രണ്ടു വര്‍ഷം മുന്നെ 2016 – 2017 അക്കാദമിക വര്‍ഷത്തില്‍ ഒരു കുട്ടി മാത്രം ഒന്നാംക്ലാസില്‍ പ്രവേശനം നേടിയ വിദ്യാലയം പത്രത്താളുകളില്‍ നിറഞ്ഞു നിന്നു.
അര്‍ച്ചനക്ക് കൂട്ടുവേണം ചെറിയാക്കരയില്‍ എന്നതായിരുന്നു പത്രത്തിന്റെ തലക്കെട്ട്.

2016 ജൂണ്‍ 30 വരെ ചെറുവത്തൂര്‍ ബി ആര്‍ സിയിലെ ബിപിഒ ചുമതലയിലായിരുന്നു ഞാന്‍.വാര്‍ത്ത വന്ന ദിവസം എന്റെ സുഹൃത്തായ തൊട്ടടുത്ത വിദ്യാലയത്തിലെ പ്രധാനാധ്യാപകനോട് ഞാന്‍ ചോദിച്ചു,താങ്കളുടെ വിദ്യാലയത്തില്‍ കുറേ കുട്ടികള്‍ ചെറിയാക്കര സ്കൂളിന്റെ സമീപപ്രദേശത്തു നിന്നും വരുന്നുണ്ടല്ലോ...താങ്കള്‍ക്ക് ഒന്നോ രണ്ടോ കുട്ടികളെ ചെറിയാക്കരയിലേക്ക് അയക്കാന്‍ രക്ഷിതാക്കള്‍ വഴി ഒരു ശ്രമം നടത്തിക്കൂടേ എന്ന്.....
ആദ്യം അവിടെയുള്ള പൗരപ്രമുഖര്‍ തങ്ങളുടെ കുട്ടികളെ അവിടെ ചേര്‍ത്ത് പഠിപ്പിക്കട്ടെ...അല്ലെങ്കില്‍ ആ പ്രദേശത്ത് നിന്നും അണ്‍ എയ്ഡഡ് വിദ്യാലയത്തിലേക്ക് കുട്ടികളെ അയക്കുന്ന രക്ഷിതാക്കള്‍ ആദ്യം തങ്ങളുടെ മക്കളെ അവിടെ ചേര്‍ക്കട്ടെ ...അതിനുശേഷം എന്റെ വിദ്യാലയത്തിലെ കുട്ടികളെ അവിടെ ചേര്‍ക്കുന്നതിനെ കുറിച്ച് ആലോചിക്കാം......ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.....രാത്രി ഞങ്ങള്‍ കുറേ നേരം തര്‍ക്കിച്ചു....
ഒരു ക്ലാസില്‍ ഒരു കുട്ടി മാത്രം..എത്രമാത്രം ഭീതിജനകമാണ് അത്....
കുട്ടിയുടെ സന്തോഷം....സന്തോഷകരമായ പഠനം ഇത് നമ്മളടക്കമുള്ള പൊതു സമൂഹത്തിന്റെ ഉത്തരവാദിത്തമല്ലേ.......
ഞാന്‍ ന്യായങ്ങള്‍ നിരത്തി...
ശുഭകരമായി യാതൊന്നും ആ വര്‍ഷം നടന്നില്ല.
ചെറിയാക്കരയില്‍ അര്‍ച്ചനക്ക് തനിച്ചിരിക്കേണ്ടി വന്നു...ഒരു വര്‍ഷം.

2016 ജൂണ്‍ 30 ന് ബി ആര്‍ സി പ്രവര്‍ത്തനത്തോട് വിട പറഞ്ഞ് ഞാന്‍ വിദ്യാലയത്തിലേക്ക് ചേക്കേറി.മനസ്സില്‍ ഒരു ആഗ്രഹം സൂക്ഷിച്ചിരുന്നു.ചെറിയാക്കര വിദ്യാലയത്തില്‍ അധ്യാപകനായി വരണം.വിദ്യാലയം നേരിടുന്ന പ്രതിസന്ധികളെ പഠിക്കണം.ആരും ആഗ്രഹിക്കുന്ന വിദ്യാലയമാക്കി ചെറിയാക്കരയെ മാറ്റണം.
ആരുടെ മുന്നിലും തലകുനിക്കാതെ അഭിമാനത്തോടെ ഉയര്‍ന്നു നില്‍ക്കാന്‍ കഴിയുന്ന വിദ്യാലയമായി ചെറിയാക്കര വളരണം....
ഇതൊക്കെ മനസ്സില്‍ സ്വപ്നമായി സൂക്ഷിച്ചു............
ബി ആര്‍ സി വിട്ട് ആദ്യ രണ്ടുമാസം ജി എച്ച് എസ് എസ് കുണ്ടംകുഴിയില്‍.
പിന്നെ ഒരു 6 മാസം ജി ഡബ്ല്യു എല്‍ പി എസ് ബാരയില്‍.
6 മാസം ജി എം എല്‍ പി എസ് അജാനൂരില്‍.
പിന്നെ 6 മാസം മഹാകവി പി സ്മാരക വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാലയത്തില്‍
പിന്നെ 6 മാസം ജി എച്ച് എസ് എസ് ചായോത്ത്.....

(2016 ജുലായ് 1 മുതല്‍ 2018 ഒക്ടോബര്‍ 24 വരെ - 2 വര്‍ഷം 3 മാസക്കാലം 5 വിദ്യാലയങ്ങളിലായി അധ്യാപക ജീവിതം....

2018 ഒക്ടോബര്‍ 24 ന് എന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഞാന്‍ ആഗ്രഹിച്ച ജി എല്‍ പി എസ് ചെറിയാക്കരയില്‍.)

നവമ്പര്‍ 1 ന് പകര്‍ത്തിയ ചെറിയാക്കരയുടെ ചിത്രം
നവമ്പര്‍ 1 ന് പകര്‍ത്തിയ ചെറിയാക്കരയുടെ ചിത്രം
ചെറിയാക്കരയില്‍ നടപ്പിലാക്കേണ്ട വികസന പദ്ധതികള്‍,അതിന്റെ പ്രായോഗികത എന്നിവയൊക്കെ ട്രൈഔട്ട് ചെയ്ത് നോക്കാന്‍ ജി ഡബ്ല്യു എല്‍ പി എസ് ബാരയിലും ജി എം എല്‍ പി എസ് അജാനൂരിലും അവസരങ്ങള്‍ ലഭിച്ചു.ബാരയിലെ മുന്നേറ്റത്തെയും മികവിനെയും സംസ്ഥാന മികവുത്സവം വരെ എത്തിക്കാന്‍ സാധിച്ചത് എന്നിലെ ആത്മവിശ്വാസം വളര്‍ത്തി..

ജി എച്ച് എസ് എസ് ചായോത്ത് നിന്നും ഏറെ പ്രയാസപ്പെട്ടാണ് ഞാന്‍ ചെറിയാക്കര എത്തിയത്.ചായോത്തെ 130 കുട്ടികളുടെ ഇംഗ്ലീഷ് അധ്യാപകനായിരുന്നു ഞാന്‍.
5 മാസത്തില്‍ താഴെ മാത്രമേ അവിടെ ജ‌ോലി ചെയ്തിട്ടുള്ളൂ എങ്കിലും കുട്ടികളും ,രക്ഷിതാക്കളും അധ്യാപകരുമായി(പ്രത്യേകിച്ചും രാജന്‍ മാഷും,സുനീതി ടീച്ചറുമായി) വല്ലാത്ത ഒരു ആത്മബന്ധം എനിക്കുണ്ടായിരുന്നു.
എന്നാലും ചെറിയാക്കര എന്ന ലക്ഷ്യം എന്നെ ചായോത്തിനോട് വിട പറയാന്‍ പ്രേരിപ്പിച്ചു.
വിടപറയും ദിനം എല്ലാ കുട്ടികള്‍ക്കും ‌ഒരു പേന സമ്മാനമായി കൊടുത്തപ്പോള്‍ കുട്ടികള്‍ പ്രയാസത്തോടെ ചോദിച്ചു..ഞങ്ങളെ എന്നെങ്കിലും ചെറിയാക്കര കൊണ്ടുപോകുമോ എന്ന്.
(ഇതിനിടയില്‍ ചെറിയാക്കരയെക്കുറിച്ചും ഓട്ടുറുമയയെ കുറിച്ചും 13 കുട്ടികളെ കുറിച്ചും ചായോത്തെ എന്റെ മക്കള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു)

(2018 ഒക്ടോബര്‍ 24 ന് ജി എല്‍ പി എസ് ചെറിയാക്കരയില്‍ എത്തിയപ്പോള്‍ പിന്തുണയായി,തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മികച്ച ഒരു അധ്യാപകടീമിനെയും കിട്ടി എന്നത് വലിയ അനുഗ്രഹമായിരുന്നു. വളരെ രാവിലെത്തന്നെ വിദ്യാലയത്തിലെത്തി കര്‍മ്മനിരതനാകുന്ന സതീശന്‍ മാഷും  ചെറിയാക്കര വളര്‍ന്നുകാണണമെന്ന് എന്നും ആഗ്രഹിച്ച് ക്ലാസ്മുറിക്കകത്ത് കഠിനാധ്വാനം ചെയ്യുന്ന എന്റെ ചേച്ചി മഞ്ജുള...ഒപ്പം മികച്ച അധ്യാപികകൂടിയായ പ്രധാനാധ്യാപിക ബേബി ടീച്ചര്‍.....പ്രീപ്രൈമറി അധ്യാപിക രേഷ്മ,നമ്മുടെ പിടിസിഎം,കഠിനാധ്വാനിയായ തമ്പാനേട്ടന്‍,ഭക്ഷണം പാകം ചെയ്യുന്ന സരോജിനിചേച്ചി .......നമ്മള്‍ പെട്ടെന്ന് ടീമായി....

ചെറിയാക്കരയെ എങ്ങനെ വ്യത്യസ്തമാക്കാം എന്ന ആലോചന മുന്നോട്ടുവെച്ചപ്പോള്‍ എല്ലാവരും എന്തിനും തയ്യാര്‍..13 കുട്ടികളെയും 4 പ്രീപ്രൈമറി കുട്ടികളെയും രാവിലെ 9 മണി മുതല്‍ 10 വരെ ഒന്നിച്ചിരുത്തി കഥ,കളി,കാര്‍ട്ടൂണ്‍ എന്നിവയിലൂടെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനമെടുത്തു.അങ്ങനെ....
അടുത്ത ദിവസം മുതല്‍ ചെറിയാക്കരയിലെ പ്രവര്‍ത്തന സമയം രാവിലെ 9 മണിയായി.
രണ്ടു ദിവസം കഴിഞ്ഞ് ഒക്ടോബര്‍ 27 ന് ഞാന്‍ ചെറിയാക്കര,പൊതാവൂര്‍ എന്നീ വിദ്യാലയങ്ങളിലെ കുട്ടികളെ ഉള്‍പ്പെടുത്തി ഒരു എല്‍ എസ് എസ് ക്ലാസിന് തുടക്കമിട്ടു.ചായോത്തെ എന്റെ കുട്ടികളെ ഓര്‍മ്മവന്നപ്പോള്‍ രക്ഷിതാക്കളുടെ ഗ്രൂപ്പില്‍ ക്ലാസിന് വരുന്നവര്‍ക്ക് സ്വാഗതം എന്നൊരു ഇന്‍വിറ്റേഷനും അയച്ചു.27 ന് ശനി ചെറിയാക്കരയുടെ മുറ്റത്ത് 50 നടുത്ത് കുട്ടികളെത്തി.വര്‍ഷങ്ങളായി 30 ല്‍ താഴെ കുട്ടികള്‍ മാത്രം പെരുമാറിയ വിദ്യാലയ മുറ്റത്തും പിന്നെ എല്‍ എസ് എസ് ക്ലാസിലും അമ്പതോളം കുട്ടികള്‍..
എനിക്കെന്തോ വല്ലാത്ത ഊര്‍ജ്ജം കിട്ടിയ പോലെ...
മനസ്സും ആഗ്രഹിച്ചു...ഇത്രയും കുട്ടികള്‍ എന്നും ചെറിയാക്കരക്ക് വേണം..
സന്തോഷമുള്ള ആ ദിനം കടന്നുപോയി....



 ഒരു രക്ഷിതാവിനെപ്പോലും നേരിട്ട് വിളിക്കാതെയുമാണ് ഇത്രയും കുട്ടികള്‍ ചെറിയാക്കര വന്നത് .ചെറിയാക്കരേക്ക് വരാന്‍ കുട്ടികള്‍ താല്പര്യം കാണിച്ചതിന് പിന്നില്‍
ഒരധ്യാപകനോട് കുട്ടികള്‍ കാണിക്കുന്ന സ്നേഹമായിരുന്നു എന്നും ഇത് അധ്യാപകന്‍ കുട്ടികളോട് കാണിച്ച കരുതലിന്റെ പ്രതികരണമാണെന്നും ചായോത്തെ പ്രിയപ്പെട്ട എന്റെ രക്ഷിതാക്കള്‍ക്കറിയാം.അവര്‍ ഫോണിലൂടെ എന്റെ വിശേഷങ്ങള്‍ അന്വേഷിക്കുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

പിന്നീടുള്ള ശ്രമം ചെറിയാക്കരയെ പഠിക്കാനുള്ളതായിരുന്നു.കയ്യൂര്‍ ചീമേനി പഞ്ചായത്തില്‍ നിന്ന് പഞ്ചായത്ത് വിദ്യാഭ്യാസ സമിതി കണ്‍വീനര്‍ ശ്രീ അനില്‍ കുമാര്‍ മാഷിന്റെ ( ചെറിയാക്കരയുടെ വികസനത്തിന് വലിയ അളവില്‍ അനില്‍മാഷിന്റെ പിന്തുണ ലഭിക്കുന്നുണ്ട്) സഹായത്തോടെ കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയ ഗൃഹസര്‍വേയുടെ സര്‍വെ ഫോറം സംഘടിപ്പിച്ചു.തുടര്‍ന്ന് സര്‍വെഫലം വിശകലനം ചെയ്തു..ഞെട്ടിക്കുന്നതായിരുന്നു കണ്ടെത്തല്‍...

ഒരു ഗ്രാമപ്രദേശത്തെ വിദ്യാലയത്തിന്റെ കാച്ച്മെന്റ് ഏരിയയിലുള്ള 70 നടുത്ത് കുട്ടികളില്‍ 13 പേര്‍ മാത്രം ചെറിയാക്കര സ്കൂളിലും ബാക്കി 56 പേര്‍ മറ്റ് പല വിദ്യാലയങ്ങളിലുും...വിശദാംശം ചുവടെ കൊടുക്കുന്നു.



ഒക്ടോബര്‍ 25 മുതല്‍ 30 വരെ തീയ്യതികളില്‍ ചെറിയാക്കര വിദ്യാലയത്തിന്റെ മാസ്റ്റര്‍പ്ലാന്‍ വിശകലനം ചെയ്യുകയും ജനപക്ഷത്തു നിന്നും വിദ്യാര്‍ത്ഥി പക്ഷത്തു നിന്നും വിദ്യാലയത്തിന്റെ ശക്തിദൗര്‍ബല്ല്യങ്ങള്‍ വിശകലനം ചെയ്യുകയും ചെയ്തു.

അക്കാദമിക നിലവാരത്തിലും ഭൗതികാന്തരീക്ഷ വികസനത്തിലും 75 ദിവസങ്ങള്‍ കൊണ്ടു പൂര്‍ത്തിയാക്കാവുന്ന കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്തു.

20 മേഖലകളില്‍ വിദ്യാലയത്തിന്റെ വികസനാവശ്യങ്ങള്‍ നിശ്ചയിച്ചു.
2018 നവമ്പര്‍ 1 ന് വിദ്യാലയവികസനസമിതി യോഗം വിളിച്ചുചേര്‍ത്ത് പദ്ധതികള്‍ അവതരിപ്പിച്ചു.


13 കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ വികസനസമിതി യോഗത്തില്‍ 60 നടുത്ത് ആള്‍ക്കാര്‍ പങ്കെടുത്തു.വിദ്യാലയം മെച്ചപ്പെട്ടുകാണണമെന്ന് ആഗ്രഹിക്കുന്ന ഗ്രാമമമനസ്സുകളെ നമ്മള്‍ അന്ന് അടുത്തറിഞ്ഞു.വികസന പദ്ധതി അവതരണത്തിന്റെ ഒടുവില്‍ വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കേണ്ടുന്ന ഭൗതികവികസനം,അത് വരും വര്‍ഷപ്രവേശനത്തെ സ്വാധീനിക്കുന്ന രീതി എന്നിവ വിശദമാക്കി.ഒരു ലക്ഷത്തി മുപ്പത്തിഅഞ്ചായിരം രൂപയുടെ വികസനപ്രവര്‍ത്തനം 75 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചു.സാമ്പത്തിക ശ്രോതസ്സിന്റെ കാര്യത്തില്‍ ചര്‍ച്ച മുടങ്ങി നിന്നപ്പോള്‍ ഞങ്ങള്‍ 4 അധ്യാപകര്‍ ചേര്‍ന്ന് 40000 രൂപ നല്‍കി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിയാമെന്ന് അറിയിച്ചു.

പ്രളയവുമായി ബന്ധപ്പെട്ട് പ്രതിമാസം ശമ്പളത്തില്‍ നിന്ന് നല്ലൊരു തുക സര്‍ക്കാറിലേക്ക് നല്‍കുന്ന വേളയിലായിട്ടുപോലും വിദ്യാലയവികസനത്തിന്റെ കാര്യത്തില്‍ സാമ്പത്തിക സമാഹരണത്തിന് അധ്യാപകര്‍ തന്നെ തുടക്കമിടണമെന്ന അഭിപ്രായം മുന്നോട്ടു വെച്ചപ്പോള്‍ എല്ലാവരും അത് ഏകകണ്ഠമായി അംഗീകരിച്ചു.

വികസനസമിതി യോഗത്തില്‍ ഞങ്ങള്‍ 40000 രൂപ നല്‍കാമെന്ന് അറിയിച്ചപ്പോള്‍ വേദി ഉണര്‍ന്നു.പത്തായിരം,അഞ്ചായിരം എന്നിങ്ങനെ കൂടിയിരുന്നവര്‍ തങ്ങളാല്‍ കഴിയും വിധം സ്പോണ്‍സര്‍ഷിപ്പുകള്‍ അറിയിച്ചു.തൊട്ടടുത്ത അങ്കണവാടിയിലെ ഇന്ദിരടീച്ചര്‍ 5000 രൂപ തന്റെ സാലറിയില്‍ നിന്നും നല്‍കന്നെന്ന് അറിയിച്ചപ്പോള്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു ,ചെറിയാക്കരഗ്രാമത്തിന്റെ മനസ്സ്.....അങ്ങനെ നവമ്പര്‍ 1 ന് തന്നെ 85000 രൂപ സ്കൂള്‍ വികസനനിധിയിലേക്ക് സ്പോണ്‍സര്‍ഷിപ്പിലൂടെ സമാഹരിക്കാന്‍ സാധിച്ചത് വലിയ ആത്മവിശ്വാസമുണ്ടാക്കി...

75 ദിവസം കൊണ്ടു പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ച പ്രവര്‍‌ത്തനങ്ങള്‍ക്ക അടുത്തദിവസം മുതല്‍ തന്നെ തുടക്കം കുറിച്ചു..

വിദ്യാലയം നേരിടുന്ന ഓട്ടുറുമ ഭീഷണി ഒഴിവാക്കാന്‍ നമ്മള്‍ ഇക്കാലയളവില്‍ വലവിധ പരിശ്രമങ്ങള്‍ നടത്തി.ഓട്ടുറുമയെ പഠിക്കാന്‍ ശ്രമിച്ചു.കണ്ടെത്തിയ കാര്യങ്ങള്‍ വികസനസമിതി യോഗത്തില്‍ അവതരിപ്പിച്ച് നവമ്പര്‍ 4 ന് ഞായറാഴ്ച ഓട്ടുറുമക്കെതിരെ വാട്ടര്‍ സ്പ്രെയറിങ്ങ് നടത്താന്‍ തീരുമാനിച്ചു.പെരളത്തുപോയി സ്പ്രയര്‍ മെഷീന്‍ സംഘടിപ്പിച്ചും മണിയേട്ടന്റെ സഹായത്താലും നവമ്പര്‍ 4 ന് ഞങ്ങള്‍ ഓട്ടുറുമക്കെതിരെ യുദ്ധം തുടങ്ങി.(ഞായര്‍ തിരുവനന്തപുരത്ത് എത്താമെന്ന് ഏറ്റ എനിക്ക് വിധുസാര്‍ ചെറിയാക്കരക്ക് വേണ്ടി ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഒരു ദിവസം അനുവദിച്ചു).....ഓട്ടുറുമയെ പൂര്‍ണമായും തുരത്താന്‍ ഈ ശ്രമങ്ങളിലൂടെ വിദ്യാലയത്തിന് സാധിച്ചു.



ഈ ദിവസമാണ്ഞാന്‍ ഗോപാലേട്ടനെയും വിനോദിനെയും സുമേഷിനെയും കൂടുതല്‍ പരിചയപ്പെടുന്നത്.ഇതില്‍ സുമേഷ് പിടിഎ പ്രസിഡണ്ട്.വിനോദ് വിദ്യാലയം മെച്ചപ്പെട്ട് കാണണമെന്ന് ആഗ്രഹിക്കുന്ന നന്മയുള്ള ചെറുപ്പക്കാരന്‍.ഗോപാലേട്ടനെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത് എന്ന് എനിക്കറിയില്ല.64 വയസ്സില്‍ യുവമനസ്സോടെ ചെറിയാക്കരയെ ശാന്തമായി, പക്വമായി മുന്നില്‍ നിന്നു നയിക്കാന്‍ പ്രാപ്തിയുള്ള നേതാവ്.
തുടര്‍ദിവസങ്ങളഅഭി,സ്റ്റാലിഷ്,വിപിന്‍,ശ്രീരാഗ്,അനീഷ്,ബാബു,അനീഷ് മാഷ്,വിജയേട്ടന്‍,ശശിയേട്ടന്‍,ബാലചന്ദ്രന്‍,പ്രിനിത,മദര്‍ പിടിഎ പ്രസിഡണ്ട് ഓമന......പേരെടുത്തു പറഞ്ഞാല്‍ തീരില്ല...അത്രയും പേര്‍. ഇവര്‍ വിദ്യാലയപ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന രീതി എന്നെ അത്ഭുതപ്പെടുത്തി.

ഞാന്‍ മുമ്പ് ജോലി ചെയ്ത എല്ലാവിദ്യാലയങ്ങളിലും ചുവര്‍ചിത്രീകരണം നടത്തിയ സാജന്‍ ചുവര്‍ വര്‍ണാഭമാക്കുന്ന ജോലി ആരംഭിച്ചു...
നവമ്പര്‍ ആദ്യദിനങ്ങളില്‍ ചുവര്‍ചിത്രീകരണം മുന്നോട്ടു പോകുമ്പോള്‍ തന്നെ നവമ്പര്‍ 14 ശിശുദിനത്തില്‍ കുട്ടികളുടെ സന്തോഷം പ്രമേയമായമാക്കിയ ഹ്രസ്വചിത്രം പുറത്തിറക്കാന്‍ ഞങ്ങള്‍ ആലോചിച്ചു...ഇതിന് തൊടുപുഴ എന്‍ എസ്എസ് കാപ്പ് വിദ്യാലയത്തിലെ പ്രധാനാധ്യാപകനും എന്റെ സുഹ‍ൃത്തും വഴികാട്ടിയുമായിരുന്ന വിധു പി നായരുടെ വലിയ പിന്തുണയുമുണ്ടായിരുന്നു.
സ്റ്റുഡന്‍സ് പോലീസ് കേഡറ്റിനുള്ള ഒറു കൈപ്പുസ്തകത്തിന്റെ പ്രവര്‍ത്തനത്തില്‍ ഒപ്പമുണ്ടായിരുന്ന നമ്മള്‍ തിരുവനന്തപുരം ശംഖുമുഖത്തെ പോലീസ് ഹെഡ്കോര്‍ട്ടേഴ്സിലിരുന്ന് രാത്രി 1 മണിവരെ ഹ്രസ്വചിത്രത്തിന്‍റെ ഷോട്ടുകളെ കുറിച്ച് സംസാരിച്ചു.

കുട്ടികളുടെ എണ്ണക്കുറവുള്ള വിദ്യാലയത്തില്‍ കളിക്കാനും പഠിക്കാനും കൂട്ടുകാര്‍ കുറഞ്ഞുപോയ സങ്കടത്തിന് പകരം ആഹ്ലാദകരമായ വിദ്യാലയാന്തരീക്ഷവും പഠനാന്തരീക്ഷവുമാണ് പകരം വെക്കേണ്ടത് എന്ന് മനസ്സ് എന്നെ ബോധ്യപ്പെടുത്തിക്കൊണ്ടേയിരുന്നു.
അതുകൊണ്ടു തന്നെയാണ് ഷോട്ട്ഫിലിമിന് കുട്ടികളുടെ സന്തോഷം പ്രമേയമായത്.ശിശുദിനത്തില്‍ ജിഎല്‍പിഎസ് ചെറിയാക്കരക്ക് പൊതുസമൂഹത്തോട് പറയാനുള്ള സന്ദേശം കൂടിയാണ് ഞങ്ങളുടെ ഷോട്ഫിലിം...കുട്ടികള്‍ ....അവരുടെ സന്തോഷം...അതാണ് പ്രധാനം..കുട്ടികളുടെ സന്തോഷകരമായ നിമിഷങ്ങള്‍ ഒപ്പിയെടുക്കാനുതകുന്ന ഷോട്ടുകളെ കുറിച്ച് ഞങ്ങള്‍ ഉറക്കെ ആലോചിച്ചു.
കൂടെയുണ്ടായിരുന്ന രഞ്ജിത്ത് ഓരി,പാലക്കാടുള്ള മനോജ് സാര്‍,വിജയകുമാര്‍ കൂത്താട്ടുകുളം എന്നിവരൊക്കെ രാവേറെ ചെല്ലുംവരെ ചെറിയാക്കരയുടെ ഷോട്ട്ഫിലിമിനെക്കുറിച്ച് ആലോചിച്ചുകൊണ്ടേയിരുന്നു.
നവമ്പര്‍ 5 നാണ് ഞങ്ങള്‍ ഈ ആലോചന നടത്തുന്നത്.നവമ്പര്‍ 9 ന് ഷൂട്ടിങ്ങ്, നവമ്പര്‍ 10,11 ന് എഡിറ്റിങ്ങ് 12 ന് ഉദുമയില്‍ അവസാന ഷൂട്ടിങ്ങ്..13 ന് എഡിറ്റിങ്ങ് അവസാനഘട്ട ജോലി പൂര്‍ത്തിയാക്കി ശിശുദിനത്തില്‍ ഞങ്ങളുടെ ഹ്രസ്വചിത്രങ്ങള്‍ ചെറിയ വലിയ സന്തോഷങ്ങള്‍,നിനവ് എന്നിവ പുറത്തിറക്കി.



ചെറിയ വലിയ സന്തോഷങ്ങള്‍ എഡിറ്റ് ചെയ്യാന്‍ പ്രിയ സുഹ‍ത്ത് വിനയന്‍ പിലിക്കോടിന്റെ വലിയ പിന്തുണയയും സഹായവുമുണ്ടായിരുന്ന.
നിനവ് എന്ന ഞങ്ങളുടെ രണ്ടാമത്തെ ഷോട്ട്ഫിലിം എഡിറ്റ് ചെയ്തുതന്നതും രണ്ട് ഷോട്ട്ഫിലിമിനു സംഗീതം ചെയ്തതും വിധു പി നായരായിരുന്നു.
എം എല്‍ എ ശ്രീ എം രാജഗോപാലന്‍,എഇഒ ശ്രീ എം കെ വിജയകുമാര്‍ ബിപിഒ ഉണ്ണിരാജന്‍ എന്നിവര്‍ ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചതും ഷോട്ഫിലിം പെട്ടെന്ന് പ്രചാരം നേടാന്‍ സഹായകമായി. 

ഷോട്ട്ഫിലിമിന്റെ പ്രകാശനകര്‍മ്മം ഞങ്ങള്‍ മികച്ച രീതിയില്‍ തന്നെ നടത്തി.സമഗ്രശിക്ഷയുടെ കാസറഗോഡ് ജില്ലാ പ്രൊജക്ട് ഓഫീസര്‍ ശ്രീ പിപി വേണുഗോപാലനാണ് ഷോട്ഫിലിം പ്രകാശനം ചെയ്തത്.ശിശുദിനത്തില്‍ നയനവിരുന്നിനോപ്പം എല്ലാവര്‍ക്കും പായസവും ഒരുക്കിയിരുന്നു.നൂറിലധികം പേര്‍ ചട‌ങ്ങില്‍ പങ്കെടുത്ത് ഞങ്ങളുടെ ഹ്രസ്വചിത്രം കണ്ടു.ഇതെല്ലാം ചേര്‍ന്ന കാഴ്ച ഞാന്‍ മാറിയിരുന്ന് ആസ്വദിച്ചു.
എനിക്ക് ഏറെ സന്തോഷം നല്‍കിയ മറ്റൊരു കാര്യം കൂടിയുണ്ട്.ജി ‍ബ്ല്യു എല്‍ പി സ്കൂള്‍ ബാരയില്‍ ഞാന്‍ പഠിപ്പിച്ച വെല്ലുവിളി നേരിടുന്ന അദ്വൈദ് എന്ന എന്റെ പ്രിയപ്പെട്ട പഠിതാവ് ആണ് ഇതിലെ കേന്ദ്രകഥാപാത്രം .




ഇതിനിടയില്‍ വിദ്യാലയ കവാടത്തില്‍ 12 മീറ്റര്‍ നീളത്തില്‍ ജൈവപ്പന്തല്‍ നിര്‍മ്മിക്കല്‍ പണി ആരംഭിച്ചു.
ജൈവപ്പന്തല്‍ ഉദിഘാടനം-വിധു പി നായര്‍

ഒരു ദിവസം ഞായറാഴ്ച സുഹ‍ത്ത് വിനയനോടൊപ്പം എല്‍ എസ് എസ് ക്ലാസിനായി ഞാന്‍ രാവിലെ 8 മണിക്ക് ചെറിയാക്കരയെത്തി.അപ്പോള്‍ അവിടെ യുവധാര കുടുംബശ്രീയുടെ യോഗം നടക്കുകയായിരുന്നു.
കുടുംബശ്രീ സെക്രട്ടറി എന്നെ വിളിച്ചു പറഞ്ഞു...മാഷേ ഒരു സന്തോഷമുള്ള കാര്യം പറയാനുണ്ട്.ഞാന്‍ ആകാംക്ഷയോടെ അത് കേട്ടു ....കുടുംബശ്രീ വിദ്യാലയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 5000 രൂപ നല്‍കാന്‍ തീരുമാനിച്ചു.‌ഞാന്‍ അവരെ അത്തരം ഒരു തീരുമാനമെടുത്തതില്‍ അഭിനന്ദനവും നന്ദിയും അറിയിച്ചു....

വിദ്യാലത്തിന്റെ വിഭവസമാഹരണത്തിന്റെ രണ്ടാമത്തെ നാഴികക്കല്ലാവുകയായിരുന്നു യുവധാര കുടുംബശ്രീയുടെ തീരുമാനം....
തുടര്‍ന്ന് പ്രദേശത്തെ 9 കുടുംബശ്രീകളും 1 പുരുഷസഹാസംഘവും ചേര്‍ന്ന് അമ്പതിനായിരത്തോളം രൂപ വിദ്യാലയത്തിന് നല്‍കി.

സഹായം വിദ്യാലയത്തെ തേടിയെത്താന്‍ തുടങ്ങിയതോടെ ഞങ്ങള്‍ വികസനപ്രവര്‍ത്തനവും ഊര്‍ജിതമാക്കി.
കുട്ടികളുടെ പാര്‍ക്കിന് പ്രഥമ പരിഗണന നല്‍കി പ്രവര്‍ത്തനമാരംഭിച്ചു.
ഒട്ടേറെ പാര്‍ക്കുകള്‍ സന്ദര്‍ശിച്ചു പലരുമായും ബന്ധപ്പെട്ടു....ഒടുവില്‍
സുരേഷ് എന്ന ചെറിയാക്കരയുടെ പാര്‍ക്കിന്റെ ശില്പിയെ തീരുമാനിച്ചു.
ജെസിബി എത്തി....സ്ഥലമൊരുക്കി....പാര്‍ക്കിന്റെ പണി ആരംഭിച്ചു

അടുത്തദിവസം തന്നെ സുരക്ഷിതമായ വിദ്യാലയന്തരീക്ഷം ഒരുക്കാനും കളിസ്ഥലം ഒരുക്കാനുമുള്ള പ്രവര്‍ത്തനത്തിന് തുടക്കമിട്ടു.

കല്പണിക്ക് ചന്ദ്രേട്ടനെയും സുധിയേട്ടനെയും ചുമതലപ്പെടുത്തി.
5 വണ്ടി കല്ലിറക്കി.ചെറിയാക്കരയിലെ ചെറുപ്പക്കാര്‍ ഞായറാഴ്ച തോണിയില്‍ പൂഴി എത്തിച്ച് തോളില്‍ കടത്തി വിദ്യാലയത്തില്‍ പൂഴി എത്തിച്ചു.ഞങ്ങള്‍ പോലീസ് സ്റ്റേഷനിലെത്തി പ്രത്യേക അനുവാദം വാങ്ങി..
ചിത്രീകരണം,പാര്‍ക്ക്,കല്പണി എന്നിവ ഒരു പോലെ മുന്നോട്ടു പോകാന്‍ തുടങ്ങി...
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പേഴ്സണല്‍ അക്കൗണ്ടില്‍ നിന്നും പോരാത്തപ്പോള്‍ ചിട്ടി വിളിച്ചും കാശ് അഡ്വാന്‍സ് ചെയ്ത് ‍‍ഞങ്ങള്‍ ജോലിക്ക് ഭംഗം വരുത്താതെ ചടുലമായി മുന്നോട്ട് നീങ്ങി.


ഇതിനിടയില്‍ വിദ്യാലയത്തിന് തൊട്ടു മുന്നിലുള്ള ശ്രീ വിഷ്ണുമൂര്‍ത്തി വീതുപുര വിദ്യാലയത്തിലേക്ക് അമ്പതിനായിരം രൂപ സ്പോണ്‍സര്‍ ചെയ്തു.ഒരു ക്ഷേത്ര കമ്മിറ്റി ഇത്തരത്തില്‍ വലിയൊരു സഹായം വാഗ്ധാനം ചെയ്തത് അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളെ അതിശയിപ്പിച്ചു.വീതുപുരയുടെ തണലില്‍ വിദ്യാലയത്തില്‍ ജൈവ ഓഡിറ്റോേറിയവും മുകള്‍ഭാഗം ഷീറ്റ് കവര്‍ ചെയ്യര്‍ പ്രവര്‍ത്തനവും പൂര്‍ത്തിയാക്കി.

ജൈവ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ഡോ സി രാമകൃഷ്ണന്‍ നിര്‍വഹിക്കുന്നു


നാട് ശരിക്കും സ്കൂളിലേക്ക് ഒഴുകി വരാന്‍ തുടങ്ങി.ഇക്കാലയളവില്‍ വിദ്യാലയം സംഘടിപ്പിച്ച ക്യാമ്പുകളിലും മറ്റ് ശുചീകരണ പ്രവര്‍ത്തനങ്ങളിലും വന്‍ ജനപങ്കാളിത്തം ഉണ്ടായി.

ഇക്കാലയളവില്‍ തന്നെ ഞങ്ങളുടെ പഠിതാക്കള്‍ക്ക് പുറത്തുള്ളമികച്ച റിസോഴ്സ് പേഴ്സണ്‍സിനെ വിദ്യാലയത്തില്‍ എത്തിച്ച് പരിശീലനം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

നാടക പരിശീലനത്തിന് അനില്‍ നടക്കാവും ഇംഗ്ലീഷ് സ്കിറ്റിന്റെ പരിശീലനത്തിന് മഹേഷും വിദ്യാലയത്തിലെത്തി.
രാത്രിയിലും വിദ്യാലയത്തില്‍ തങ്ങി ഞങ്ങളും രകഷിതാക്കളും കുട്ടികള്‍ക്ക് പരിശീലനം നല്‍കി.കു്ട്ടികള്‍ക്ക് കലാപ്രകടനത്തിന് പ്രത്യേകം ഉടുപ്പ് തയ്യാറാക്കി.ചൂട്ടേന്‍പാറയെത്തി ഫോട്ടോയും കലാപ്രകടനത്തിന്റെ വീഡിയോഷൂട്ടും പൂര്‍ത്തിയാക്കി.


മുന്‍ എച്ച് എം ശ്രീ സിവി ഗോവിന്ദന്‍ മാസ്റ്ററുടെ കുടുബത്തെ അദ്ദേഹത്തിന്റെ സ്മരണക്ക് പാര്‍ക്ക് നിര്‍മ്മിച്ചു നല്‍കുവാന്‍ ബന്ധപ്പെടുന്നത് ഇക്കാലയളവിലാണ്.കുടുംബം സസന്തോഷം ഇക്കാര്യം സമ്മതിക്കുകയും വിദ്യാലയത്തിലേക്ക് പാര്‍ക്ക് നിര്‍മ്മിക്കാന്‍ 50000 രൂപ നല്‍കുകയും ചെയ്തു...ഇതു കൂടി ആയപ്പോള്‍ ഞങ്ങളുടെ വിഭവസമാഹരണം രണ്ടുലക്ഷത്തി അമ്പതിനായിരത്തിനടുത്തെത്തി.

പാര്‍ക്കിന്റെ ഉദ്ഘാടനം ബഹു.എംഎല്‍എ ശ്രീ എം രാജഗോപാലന്‍ നിര്‍വഹിക്കുന്നു

ഇക്കാലയളവില്‍ തന്നെ വിദ്യാലയത്തിനായി പ്രത്യേക ലോഗോ തയ്യാറാക്കി.
ഇതിന്റെ പ്രകാശനം എ..ഒ ശ്രീ എംകെ വിജയകുമാര്‍ നിര്‍വഹിച്ചു.

ലോഗോ പ്രകാശനം എ ഇ ഒ ശ്രീ എം കെ വിജയകുമാര്‍


100 ഗ്രാബാഗില്‍ ഞങ്ങള്‍ വിഷരഹിത പച്ചക്കറിക്കൃഷി ആരംഭിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ ശ്രീമതി വിപി ജാനകിയായിരുന്നു പച്ചക്കറിക്കൃഷി ഉദ്ഘാടനം ചെയ്തത്.ഗ്രാമത്തിലെ പ്രായം ചെന്ന കര്‍ഷകന്‍ ശ്രീ അമ്പാടിയേട്ടനായിരുന്നു ആദ്യ തൈ നട്ടത്.

പൂര്‍വ വിദ്യാര്‍ത്ഥി സംഗമം വിളിച്ചു ചേര്‍ക്കാനായിരുന്നു പിന്നത്തെ ശ്രമം.കണ്‍വീനര്‍ ബാലചന്ദ്രനെ സമീപിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് അതി വേഗം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നീക്കി.675 പൂര്‍ വിദ്യര്‍ത്ഥികളുടെ ലിസ്റ്റ് ഞങ്ങള്‍ അഡ്മിഷന്‍ രജിസ്റ്റര്‍ നോക്കി തയ്യാറാക്കി.ലിസ്റ്റ് തയ്യാറാക്കുന്നതില്‍ അമ്മമാരും ലിസ്റ്റ് ഡിടിപി ചെയ്യുന്നതില്‍ സതീശന്‍മാഷും ഊര്‍ജസ്വലമായി പ്രവര്‍ത്തിച്ചു.
ഡിസമ്പര്‍ 9 ന് പൂര്‍വവിദ്യാര്‍ത്ഥി സംഗമം കോര്‍ഗ്രൂപ്പ് ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപം നല്‍കി.

ഇതിനിടയില്‍ വൈകുന്നേരങ്ങളില്‍ ഞങ്ങളും ഗോപാലേട്ടനും വിനോദും പഴയകാല പ്രധാനാധ്യാപകര്‍,അധ്യാപകര്‍ എന്നിവരുടെയൊക്കെ വീടുകള്‍ സന്ദര്‍ശിച്ചു. പലരും ചെറിയാക്കരയില്‍ നിത്യേനെ സംഭവിക്കുന്ന മാറ്റങ്ങള്‍ പത്രങ്ങളിലൂടെ അറിഞ്ഞ സന്തോഷം ഞങ്ങളുമായി പങ്കുവെച്ചു.പൂര്‍വ അധ്യാപകര്‍ പലരും അങ്ങോട്ടു പറയാതെ തന്നെ വിദ്യാലത്തിലേക്ക് സാമ്പത്തിക സഹായം വാഗ്ധാനം ചെയ്തു.എല്ലാവര്‍ക്കും ചെറിയാക്കര ഇന്നു നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കുന്ന കാഴ്ച കണ്ടാല്‍ മതി എന്ന ആഗ്രഹം മാത്രം...എല്ലാവരുടെയും അനുഗ്രഹങ്ങള്‍ വാങ്ങി പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിലേക്ക് ക്ഷണിച്ചു കൊണ്ട് ഞങ്ങള്‍ മുന്നോട്ടു പോയി.

ഗോപാലേട്ടനും ചന്ദ്രശേഖരന്‍മാഷും

വിദ്യാലയത്തിലെ ആദ്യ എച്ച് എം കുഞ്ഞമ്പുമാഷിനൊപ്പം
ഇതിനിടയില്‍ ഡിസമ്പര്‍ 16 ന് ഞായറാഴ്ച വിദ്യാലയത്തില്‍ വലിയൊരു അക്കാദമിക ഉത്സവം നടന്നു.
സ്മാര്‍ട്ട് 10 സ്മാര്‍ട്ട് 50 എന്ന് നാമകരണം ചെയ്ത പദ്ധതി ഉദ്ഘാടനം ചെയ്ത ത് പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ സി രാമകൃഷ്ണനായിരുന്നു.
2018 ലെ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ശ്രീ വിധു പി നായരായിരുന്നു മുഖ്യാതിഥി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ ശകുന്തള വിധു പി നായര്‍ക്ക് ചെറിയാക്കരഗ്രാമത്തിന്റെ സ്നേഹോപഹാരം സമര്‍പ്പിച്ചു.

വിദ്യാലയത്തിന്റെ ഹൈടെക്ക് പദ്ധതിയായ ഓണ്‍ലൈന്‍ പരീക്ഷയുടെയും കുട്ടിയെ അറിയാം മൊബൈല്‍ ആപിന്റെയും ഉദ്ഘാടനം തുടര്‍ന്നു നടന്നു. 
 
വിദ്യാലയത്തിന്റെ മൊബൈല്‍ ആപ്
വിദ്യാലയം സ്വന്തമായി സെര്‍വര്‍ വാങ്ങി ഓണ്‍ലൈന്‍ പരീക്ഷക്ക് തുടക്കം കുറിച്ചു

ഓണ്‍ലൈന്‍ പരീക്ഷയുടെയും കുട്ടിയെ അറിയാം മൊബൈല്‍ ആപിന്റെയും ഉദ്ഘാടനം 
കുട്ടികളുടെ പഠനപുരേഗതി നിത്യേനെ രക്ഷിതാക്കലുടെ മൊബൈലില്‍ ലഭ്യമാകുന്ന സാങ്കേതിക വിദ്യായാണ് കുട്ടിയെ അറിയാം എന്ന മൊബൈല്‍ അപ്ലിക്കേഷന്‍.രക്ഷിതാക്കള്‍ക്ക് ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ ആയി യൂണിറ്റ് ടെസ്റ്റുകള്‍ രക്ഷിതാക്കള്‍ക്ക് തന്നെ നടത്താവുന്നതാണ്.പരീക്ഷാഫലം ഞൊടിയിടയില്‍ വിശദമായിത്തന്നെ മൊബൈലില്‍ ലഭ്യമാകും വിധമാണ് ഓണ്‍ലൈന്‍ പരീക്ഷകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഇതിനായി വിദ്യാലയം സെര്‍വര്‍ വാങ്ങിക്കഴിഞ്ഞു.






ജൈവപ്പന്തലിന്റെ ഉദ്ഘാടനം വിധു പി നായരും ജൈവ ഗ്ലാലറിയുടെ ഉദ്ഘാടനം ഡോ സി രാമകൃഷ്ണനും നിര്‍വഹിച്ചു.വിദ്യാലയത്തിന്റെ മുന്നോട്ടു പോക്കിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ വിധുമാഷ് നല്‍കി.

തുടര്‍ന്ന് നടന്ന കുട്ടികളുടെ ക്യാമ്പിന് പ്രശസ്തസംഗീതജ്ഞന്‍ മണക്കാലഗോപാലകൃഷ്ണന്‍,ഗുരുശ്രേഷ്ഠ അവാര്‍ഡ് ജേതാവ് ശ്രീ വിജയകുമാര്‍ കൂത്താട്ടുകുളം,പ്രശസ്ത ചിത്രകാരന്‍ വര്‍ഗീസ് കളത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഒരു പ്രതിഫലവും വാങ്ങാതെ ഈ കൂട്ടുകാരൊക്കെ ചെറിയ്ക്കരയെത്തി എന്റെ നാട്ടുകാരോടും കുട്ടികളോടും ഇടപെടുമ്പോള്‍ ഞാന്‍ വളരെ സന്തോഷവാനാണ്.


ചെറിയാക്കരയുടെ വളര്‍ച്ചയും വിശേഷങ്ങളും പല ദിവസങ്ങളിലും ഞാന്‍ ഇവരുമായി പങ്കുവെക്കാറുണ്ട്.

ചെറിയാക്കരയിലെ കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയ വിവിധ വര്‍ക്ക് ബുക്കുകളുടെ പ്രകാശനവും ഡിസമ്പര്‍ 16 ന് നടക്കുകയുണ്ടായി.അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊന്നല്‍ വിദ്യാലയം ശ്രദ്ധിച്ചുകൊണ്ടേയിരുന്നു.

പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തിന് ദിവസങ്ങള്‍ മാത്രം .കുട്ടികളുടെ പ്രാക്ടൂീസ്,അമ്മമാരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടക്കുന്ന തിരുവാതിരയുടെ പ്രാക്ടീസ് എന്നിവ അവസാന ഘട്ടത്തില്‍....പൂര്‍വവിദ്യാര്‍ത്ഥികളുടെയും നാട്ടുകതാരുടെയും സ്പോണ്‍സര്‍ഷിപ്പുകള്‍ വിദ്യാലയത്തിന് ലഭിച്ചുകൊണ്ടേയിരുന്നു.

ഇതിനിടയില്‍ ക്രിസ്മസ് അവധിക്ക് വിദ്യാലയം അടക്കുന്നദിനം ഞങ്ങള്‍ ഹൗസ്ബോട്ടില്‍ ഒരു ക്ലാസ് പിടിഎ യോഗം നടത്തി.ഇതിനും ഞങ്ങള്‍ക്ക് സ്പോണ്‍സര്‍ഷിപ്പുണ്ടായിരുന്നു.ഹൗസ്ബോട്ടില്‍ വെച്ചു തന്നെ കുട്ടികളുടെ പ്രകടനങ്ങളുടെ ഷൂട്ടിങ്ങും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചു.
പത്രങ്ങള്‍ നല്ല രീതിയില്‍ പരിപാടി കവര്‍ചെയ്തു.


പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തില്‍ വിതരണം ചെയ്യാനും നാട്ടുകാര്‍ക്ക് പുതുവര്‍ഷസമ്മാനം നല്‍കാനും വിദ്യാലയം 1000 കലണ്ടറുകള്‍ പ്രിന്റു ചെയ്തു.കുട്ടികളുടെ പിറന്നാള്‍ ഫോട്ടോ വെച്ച ഈ കലണ്ടര്‍ പ്രിന്റ് ചെയ്യുന്നതിന് 50000 രൂപയാണ് വിദ്യാലയം സമാഹരിച്ചത്.



വിദ്യാലയം കഴിഞ്ഞ 60 ദിവസം നടത്തിയ പ്രവര്‍ത്തനങ്ങളുടെ
75 ഓളം പാനലുകള്‍ തയ്യാറാക്കി.

സെക്കന്റ് ബെല്‍-പൂര്‍ വിദ്യാര്‍ത്ഥി സംഗമം
പൂര്‍വവിദ്യാര്‍ത്ഥി സംഗമം ഒരു ഉത്സവമായിരുന്നു.300 ഓളം പൂര്‍ വിദ്യാര്‍ത്ഥികള്‍ വിദ്യാലയത്തിലേക്ക് ഒഴുകി എത്തി.മൂന്ന് പന്തലുകളില്‍ വ്യത്യസ്ത ബാച്ചുകാരുടെ സംഗമം.വിദ്യാലയവികസനത്തിന്റെ നാള്‍ വഴികള്‍ ഞാന്‍ അവതരിപ്പിച്ചു.



എല്ലാവര്‍ക്കും പായസമടക്കമുള്ള സദ്യ ഒരുക്കിയിരുന്നു.കലണ്ടര്‍ വിതരണം ചെയ്തു.പൂര്‍വ അധ്യാപകരുടെ അനുഭവം പങ്കുവെച്ചു.പൂര്‍വ അധ്യാപകരെ ആദരിച്ചു.പലരും വിദ്യാലയത്തിലേക്ക് വലിയ തരത്തില്‍ സംഭാവനകള്‍ നല്‍കി.ചെറിയാക്കരയുടെ പ്രഥമ പ്രധാനാധ്യാപകന്‍ കുഞ്ഞമ്പു മാസ്റ്റര്‍ 25000 രൂപ സംഭാവന നല്‍കിയതു മുതല്‍ ചെറിയാക്കരയിലെ കൊച്ചു കൂട്ടുകാരികള്‍ നൃത്തം ചെയ്ത് സമ്മാനം ലഭിച്ച 1000 രൂപ വരെ വിദ്യാലയത്തിലേക്ക് നല്‍കി.കുട്ടികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച പാര്‍ക്കിന്റെയും സംഗമത്തിന്റെയും ഉദ്ഘാടനം ശ്രീ രാജഗോപാലന്‍ എം എല്‍ എ നിര്‍വഹിച്ചു.തുടര്‍ന്ന് കുട്ടികളുടെ അക്കാദമംിക മികവിന്റെ പ്രകടനവും അമ്മമാരുടെയും കുടുംബശ്രീപ്രവര്‍ത്തകരുടെയും നേതൃത്വത്തിലുള്ള തിരുവാതിരയും അരങ്ങേറി.



എ ഇ ഒ ശ്രീ എം കെ വിജയകുമാര്‍ ഡയറ്റ് ലക്ചററ്‍ ശ്രീ പിവി വിനോദ്കുമാര്‍,വിനയന്‍ പിലിക്കോട് എന്നിവര്‍ പൂര്‍വവിദ്യാര്‍ത്ഥികളുമായി സംസാരിച്ചു.പൂര്‍ വിദ്യാര്‍ത്ഥികള്‍ വിദ്യാലയത്തിന് സ്വന്തമായി ഒരു വാഹനം വാങ്ങുന്നതിന് സംഗമത്തില്‍ മൂന്നു ലക്ഷത്തി ഇരുപത്തിയാറായിരം രൂപ സ്പോണ്‍സര്‍ ചെയ്തു.

ചെറിയാക്കര ചെറുതല്ല എന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഒരു ഗ്രാമം.

ഇവിടെ ജോലി ചെയ്യുന്ന ഞങ്ങളാരും സമയം നോക്കാറില്ല.അങ്ങനെ ചുവന്ന മഷി പതിഞ്ഞ ഒരു വിദ്യാലയകലണ്ടറില്‍ ഞങ്ങള്‍ക്ക് വിശ്വാസവുമില്ല.എന്നും രാവിലെ 9 മണിക്കകം വിദ്യാലയത്തിലെത്തുന്ന ഞങ്ങള്‍ പലപ്പോഴും വീടെത്തുന്നത് രാത്രി ഏറെ വൈകിയാണ്.
ശനി,ഞായര്‍,മറ്റ് അവധി ദിനങ്ങള്‍ ഒക്കെ ഞങ്ങളെ സംബന്ധിച്ച് ചെറിയാക്കരക്ക് വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കാനുള്ള ദിവസങ്ങളാണ്.
നാട്ടുകാരും അങ്ങനെത്തന്നെ.....അവര്‍ മിക്കവാറും ദിവസങ്ങള്‍ വിദ്യാലയത്തിലുണ്ട്.തങ്ങളുടെ അധ്വാനം വിദ്യാലയത്തിനായി മാറ്റിവെക്കാന്‍ അവര്‍ മത്സരിച്ച് മുന്നോട്ടു വരികയാണ്.ഒരു നാടൊന്നിച്ചാണ് വിദ്യാലവികസനത്തിന് കൈകോര്‍ത്തിരിക്കുന്നത്..




സാഹചര്യങ്ങള്‍ മാറും..ചെറിയാക്കരക്ക് ചുറ്റുമുള്ള ജനങ്ങള്‍ക്ക് തിരിച്ചറിവുണ്ടാകും. മറ്റു വിദ്യാലയങ്ങള്‍ക്ക് സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള  ഹൈടെക്ക് പദ്ധതികളും അക്കാദമിക മികവുമായി  ജി എല്‍ പി എസ് ചെറിയാക്കര മുന്നേറുമ്പോള്‍ എത്ര കാലമാണ് ഒരു ജനതക്ക് ഇതൊക്കെ തിരിച്ചറിയാതെ ജീവിക്കാന്‍ കഴിയുക.ഞങ്ങള്‍ക്ക് ഇപ്പോള്‍ ഉറപ്പുണ്ട്.പലോത്ത് നിന്നും വിളഞ്ഞടുക്കത്തു നിന്നുമൊക്കെ വരും വര്‍ഷം കൂടുതല്‍ കുട്ടികള്‍ വിദ്യാലയത്തിലെത്തും.2019 ഫെബ്രുവരിയോടെ ഞങ്ങളുടെ സ്കൂള്‍ വാഹനം ഓടിത്തുടങ്ങും.സാധിക്കുന്നത്രയും പറ്റുമെങ്കില്‍ കുട്ടികളുടെ വീട്ടില്‍ നിന്നും എനിക്കുതന്നെ അവരെ പിക്ക് ചെയ്യാന്‍ ശ്രമിക്കുംനിത്യേനെ രക്ഷിതാക്കളെ കാണാനും പഠനപുരോഗതി പങ്കുവെക്കാനുമുള്ള അവസരമായി ഈ ഡ്രൈവര്‍ ജോലി പ്രയോജനപ്പെടുത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ചെറിയാക്കരയിലെ (2018 നവമ്പര്‍ 1 ന് മുന്നൊയും 2019 ജനുവരി 5 വരെയും ഉള്ള) മാറ്റങ്ങള്‍ ഈ ഫോട്ടോകളിലൂടെ നിങ്ങള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാം









ചെറിയാക്കരയില്‍ കുട്ടികളെത്തും.....
ഈ വിദ്യാലയത്തെ ചെറിയാക്കരക്ക് പുറത്തുള്ള പൊതു സമൂഹവും ആഗ്രഹിക്കും...
ആ നിലയിലേക്ക് വിദ്യാലയത്തെ വളര്‍ത്താനുള്ള കര്‍മ്മ പദ്ധതിയില്‍ നമുക്ക് നിങ്ങളുടെ പിന്തുണ നല്കണേ..

ചെറിയാക്കരവിശേഷങ്ങള്‍ പത്രത്താളുകളിലൂടെ


ചെറിയാക്കരയിലേക്ക് പ്രദേശവാസികള്‍ ചിന്തിച്ചു തുടങ്ങുമ്പോള്‍ തന്നെ സമീപത്തെ വിദ്യാലയങ്ങള്‍ കല്ലുവെച്ച നുണകള്‍ പ്രചരിപ്പിച്ചു തുടങ്ങി..ചെറിയാക്കരയുടെ മികവ് ആഗ്രഹിച്ച് വിദ്യാലയത്തിലെത്തിയ ഞാന്‍ പെട്ടെന്നുതന്നെ ട്രാന്‍സ്ഫര്‍ വാങ്ങിപ്പോകും എന്നതാണ് ഇപ്പോള്‍ നടക്കുന്ന വ്യജമായ പ്രചരണം.

ട്രാന്‍സ്ഫര്‍ വാങ്ങി പോകാനല്ല ഞാന്‍ ചെറിയാക്കരയിലെത്തിയത് മറിച്ച് ക്ഷമയോടെ വര്‍ഷങ്ങളോളം ജോലി ചെയ്ത് ചെറിയാക്കരയെ മികവിന്റെ കേന്ദ്രമാക്കാനാണ്...അതിന് ചെറിയാക്കരയില്‍ ഇന്നുള്ള ഞങ്ങളുടെ ടീമിന് സാധിക്കുക തന്നെ ചെയ്യും..........................

ഇപ്പോള്‍ പ്രീപ്രൈമറിയിലും ഒന്നാം ക്ലാസിലും പ്രവേശനം ആഗ്രഹിക്കുന്ന രക്ഷിതാക്കളോട് എനിക്കൊന്നേ പറയാനുള്ളൂ.....ഇത് ഒരു അവസരമാണ്....ഈ മുന്നേറ്റത്തില്‍ ചെറിയാക്കരയുടെ കൂടെ നിന്നാല്‍ നിങ്ങളുടെ കുട്ടി നിങ്ങള്‍ സ്വപ്നം കാണുന്നതിനപ്പുറത്തേക്ക് വളരും....

നിങ്ങളുടെ മക്കള്‍ ഈ വിദ്യാലയത്തിലെ പഠനം പൂര്‍ത്തിയാക്കി പോകും വരെയും സാധിക്കുമെങ്കില്‍ അതിനുശേഷവും ഞാനടക്കമുള്ള അധ്യാപകര്‍ ചെറിയാക്കര തന്നെയുണ്ടാകും....ഈ നന്മ വിദ്യാലയത്തിന്റെ കാവലാളുകളായി...........

              (വിദ്യാലയമുന്നേറ്റങ്ങള്‍ എന്നും കൂട്ടായ ശ്രമത്തിലൂടെ മാത്രമേ സാധ്യമായിട്ടുള്ളൂ.ചെറിയാക്കരയില്‍ ഞങ്ങള്‍ അധ്യാപകര്‍, പിടിഎ,മദര്‍ പിടിഎ,വിദ്യാലയ വികസന സമിതി,പൂര്‍വ വിദ്യാര്‍ത്ഥി സംഘടന,നാട്ടുകാര്‍ അങ്ങനെ എല്ലാവരും ചേര്‍ന്നാണ് ഈ മുന്നേറ്റം സാധ്യമാക്കിയത്.
              ഞാന്‍ എന്റെ കണ്ണിലൂടെ വിദ്യാലയ വികസനത്തിന്റെ നാള്‍വഴികള്‍ കുറിച്ചിട്ടു എന്നുമാത്രം  ........മഹേഷ്)

3 comments: