Thursday, 26 October 2017

അധ്യാപനക്കുറിപ്പ് - ഭാഗം ഒന്ന് (അജാനൂര്‍)1





5 മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും ഒരു അധ്യാപനക്കുറിപ്പിന് മുതിരുന്നത് മറ്റൊന്നും കൊണ്ടല്ല.അപ്രതീക്ഷിതമായി ഒരു സ്ഥലംമാറ്റം.
മഹാകവി പി സ്മാരക വൊക്കേഷണല്‍ ഗവ.ഹയര്‍സെക്കന്ററി സ്കൂളിലേക്ക് നവമ്പര്‍ 1 മുതല്‍ ചേക്കേറണം.സ്ഥലം മാറ്റ ഉത്തരവ് റദ്ദ് ചെയ്ത് കിട്ടാന്‍ ഞാനും വിദ്യാലയത്തിലെ പിടിഎ സുഹൃത്തുക്കളും ശ്രമമിച്ചെങ്കിലും കിട്ടിയില്ല.
ജി.എം.എല്‍.പി സ്കൂള്‍ അജാനൂര്‍.
അതിഞ്ഞാലുകാരുടെ സ്വന്തം മാപ്പിള സ്കൂള്‍.
2005 ല്‍ വിദ്യാഭ്യാസ വകുപ്പിനുവേണ്ടി ഒരു ടെലിഫിലിം നിര്‍മ്മിക്കാന്‍ ഞാന്‍ ഇവിടെ വന്നിരുന്നു.അന്ന് ആ ടെലിഫിലിമില്‍ അധ്യാപകന്റെ റോളില്‍ ഞാന്‍ അഭിനയിച്ചിരുന്നു.


ഇന്ന് 12 വര്‍ഷങ്ങള്‍ക്കിപ്പുറം മാപ്പിളസ്കൂളിലേക്ക് സ്ഥലം മാറിയെത്തുമ്പോള്‍ അഭിനയിക്കുകയല്ല,മറിച്ച് ഉത്തരവാദിത്തമുള്ള അധ്യാപകനായി ജീവിക്കുകയാണ് വേണ്ടത് എന്ന നല്ല ബോധ്യം എന്നിലുണ്ടായിരുന്നു.

.............................................................
ഇതിനു മുന്നെ ഞാന്‍ 2011 ല്‍ ഒന്നരവര്‍ഷം ജോലി ചെയ്ത കുമ്പള ഉജാര്‍ ഉള്‍വാര്‍ സ്കൂള്‍ വിദ്യാലയത്തിലെ യും 8 മാസം ജോലി ചെയ്ത ബാര വിദ്യാലയത്തിലെയും അനുഭവങ്ങള്‍ കൂടുതല്‍ ആസൂത്രണത്തോടെ മുന്നോട്ടുപോകാന്‍ എനിക്ക് കരുത്തു തന്നിരുന്നു.
അധ്യാപകനായി 2011ല്‍ ഉജാര്‍ ഉള്‍വാറില്‍ എത്തുമ്പോഴുള്ള വിദ്യാലയ ഫോട്ടോയും വിദ്യാലയത്തില്‍ നിന്ന് പടിയിറങ്ങുമ്പോളുള്ള വിദ്യാലയഫോട്ടോയും നോക്കൂ
വിദ്യാലയം 2011ല്‍


വിദ്യാലയം 2012-2013ല്‍
വിദ്യാലയം 2012-2013ല്‍
 ജി.ഡബ്യു.എല്‍ പിസ്കൂള്‍ ബാരയില്‍ 8 മാസക്കാലം മാത്രമാണ് അധ്യാപകനായി ജോലി ചെയ്തത്. അവിടെ പിടിഎ യുടെ സഹകരണത്തോടെയുണ്ടാക്കിയെടുത്ത മാറ്റങ്ങള്‍ ഈ കൊച്ചു വിദ്യാലയത്തെ കാസറഗോഡ് ജില്ലയിലെ 515 വിദ്യാലയങ്ങളിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കാന്‍ കാരണമായി.പിടിഎ പ്രസിഡണ്ട് ശ്രീ മുഹമ്മദ് കുഞ്ഞിയും ഞാനും തിരുവന്തപുരം കൈമനം വെച്ചു നടന്ന ദേശീയ സെമിനാറില്‍
ബാരയിലുണ്ടായ മാറ്റങ്ങള്‍ ,അതിന്റെ പ്രക്രിയ എന്നിവ സെമിനാര്‍ രൂപേണെ അവതരിപ്പിച്ചു.
ബാരയിലെ 8 മാസത്തെ പ്രവര്‍ത്തനങ്ങള്‍ പത്രവാര്‍ത്തകളിലൂടെ നിങ്ങല്‍ക്ക് പരിചയപ്പെടാം


സെമിനാര്‍ - തിരുവനന്തപുരം,സമീപം പിടിഎ പ്രസിഡണ്ട് ശ്രീ മുഹമ്മദ്


ബാരയില്‍ നിന്ന് വിടുതല്‍ വാങ്ങി ജി.എം.എല്‍.പി സ്കൂള്‍ അജാനൂര്‍ എത്തുമ്പോള്‍ ഫലപ്രദമായ വിദ്യാലയ സങ്കല്പം മനസ്സില്‍ ഉണ്ടായിരുന്നു.

.........................................................

ബി ആര്‍ സി യിലുണ്ടാകുമ്പോഴും ബി ആര്‍ സി വിട്ട ശേഷവും എന്നാല്‍ സാധിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനം ഞാന്‍ ലക്ഷ്യം വെച്ചിരുന്നു
വീട് ഒരു വിദ്യാലയം എന്ന 2 മണിക്കൂര്‍ സെഷനുള്ള മൊഡ്യൂള്‍ തയ്യാറാക്കി ഇതിനകം 19 വിദ്യാലയങ്ങളിലെ 3500 ഓളം രക്ഷിതാക്കളെ  അഭിമുഖൂകരിക്കാന്‍ എനിക്കു സാധിച്ചിരുന്നു
ശനി,ഞായര്‍,മറ്റ് അവധി ദിവസങ്ങള്‍ എന്നിവയായിരുന്നു ഈ ചര്‍ച്ചക്കായി കൂടുതലും തെരഞ്ഞെടുത്തിരുന്നത്.
പൊതുവിദ്യാലയത്തിന്‍റെ മികവുകള്‍,
ഫലപ്രദമായ വിദ്യാലപിന്തുണ,
അമ്മയാണ് നല്ല ടീച്ചര്‍ എന്നിവ വീട് ഒരു വിദ്യാലയം മൊഡ്യൂളിലെ പ്രധാന വിഷയങ്ങളായിരുന്നു.
ജി.എല്‍.പി.എസ് കയ്യൂര്‍,എ.യു.പി.എസ് ആലന്തട്ട,സെന്റ്പോള്‍സ് തൃക്കരിപ്പൂര്‍,ഉദിനൂര്‍സെന്‍ട്രല്‍,എ.യു.പി.എസ് എടച്ചാക്കൈ,എ.എല്‍.പി.എസ് പെരളം,എ.എല്‍.പി.എസ് പുത്തൂര്‍,എ.യു.പി.എസ് കാനായി,എ.യു.പി.എസ് ബിരിക്കുളം,ജി.യു.പി.എസ് ചന്തേര,എ.യു.പി.എസ് ഓലാട്ട്,എ.എല്‍.പി എസ് പൊള്ളപ്പൊയില്‍,ജിയുപിഎസ് ബണ്ടിച്ചാല്‍,എയുപിഎസ് പൊതാവൂര്‍,മാന്യഗുരു എയുപിഎസ്,ബാര ജിഡബ്ല്യുഎല്‍പി സ്കൂള്‍,ജിഎച്ച്എസ്എസ് ഉദുമ,ഗോപാല്‍ മെമ്മോറിയല്‍യുപി കുഞ്ഞിമംഗലം എന്നീ വിദ്യാലയങ്ങളിലാണ് വീട് ഒരു വിദ്യാലയം - പൊതുവിദ്യാഭ്യാസസംരക്ഷണയഞ്ജം മൊഡ്യൂള്‍ അവതരിപ്പിച്ചത്.  യാത്രാപ്പടിയും ബത്തയുമൊന്നും വാങ്ങാതെയാണ് ഇവിടങ്ങളിലൊക്കെ ചെന്നത് എന്നു കൂടി സൂചിപ്പിക്കട്ടെ.പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസപ്രവര്‍ത്തകന്‍ കൂലി വാങ്ങരുത് എന്നതാണ് എന്റെ പക്ഷം.
.......................................................

സമഗ്രവിദ്യാലയസെമിനാറില്‍ വിഷന്‍ പേപ്പര്‍ അവതരിപ്പിക്കാന്‍ വിദ്യാലയങ്ങളില്‍ നിന്ന്  ഇക്കാലയളവില്‍ ക്ഷണം ലഭിച്ചിട്ടുണ്ട്.
എ.എല്‍പിഎസ് തിമിരി,ജി.എല്‍പി.എസ് ബീരിച്ചേരി,ജി.എല്‍പിഎസ് മയീച്ച,ജി.എല്‍,പി.എസ് പുലിയന്നൂര്‍,ജി.എല്‍,പി.എസ് മൈത്താണി,ജി.എല്‍,പി.എസ് കൂലേരി,ജി.എല്‍,പി.എസ് കല്ലുംകൂട്ടം,ജി.എല്‍,പി.എസ് കയ്യൂര്‍,ജി.എല്‍,പി.എസ് നീലേശ്വരം,ജി.ഡബ്ല്യു എല്‍,പി.എസ് പിലിക്കോട്,രാജാസ് എല്‍പിഎസ് നീലേശ്വരം,എ.എല്‍പിഎസ് പൊള്ളപ്പൊയില്‍,ജിയുപിഎസ് മാണിക്കോത്ത്,എവിഎസ്ജിഎച്ച്എസ്എസ് കരിവെള്ളൂര്‍ എന്നിവിടങ്ങളിലെ പൊതുസമൂഹത്തോട് വിദ്യാലയം മാറേണ്ടത് എങ്ങനെയാണെന്ന് ചര്‍ച്ചചെയ്യാന്‍ സാധിച്ചു.
......................................................

കണ്ണൂര്‍ എസ് എസ് എ സംഘടിപ്പിച്ച പൊതുവിദ്യാഭ്യാസസംരക്ഷണയഞ്ജം സെമിനാറില്‍ പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കിലും, കെഎസ് ടിഎ കരിവെള്ളൂര്‍ ബ്രാഞ്ച് സംഘടിപ്പിച്ച പൊതുവിദ്യാഭ്യാസസംരക്ഷണസെമിനാറിലും വിഷയങ്ങള്‍ അവതരിപ്പിക്കാനും കഴിഞ്ഞമാസങ്ങളില്‍ അവസരം ലഭിച്ചു.

കൂക്കാനം ജിയുപി എസില്‍ നടന്ന പൊതുവിദ്യാഭ്യാസസദസ്സ്
5000 നു മുകളില്‍ വരുന്ന വിദ്യാലയസമൂഹത്തോട് പൊതു വിദ്യാഭ്യാസസസംരക്ഷണത്തെക്കുറിച്ചും ഫലപ്രദമായ ശിശുസൗഹൃദ വിദ്യാലയത്തെക്കുറിച്ചും അഭിപ്രായങ്ങള്‍ പങ്കുവെക്കുവാന്‍ സാധിച്ചു എന്നത് ഭാഗ്യമായി ഞാന്‍ കരുതുന്നു
..........................................................
എന്റെ വിദ്യാലയത്തില്‍ നടപ്പാക്കേണ്ട കര്‍മ്മപദ്ധതി എന്താണ്?
ഈ ചിന്ത എന്നിലെ അധ്യാപകനെ എന്നും അലട്ടിക്കൊണ്ടിരുന്നു.
ഉജാര്‍ഉള്‍വാറിലും,ബാരയിലും ഉണ്ടാക്കാന്‍ കഴിഞ്ഞ മുന്നേറ്റം എങ്ങനെ അടുത്ത വിദ്യാലയത്തില്‍?
 ജൂണ്‍മാസം വിദ്യാലയത്തിലെത്തിയ ആദ്യനാളുകളില്‍ വിദ്യാലയത്തില്‍ കഴി‍ഞ്ഞ നാളുകളില്‍ നടപ്പാക്കിയ പദ്ധതികള്‍ പഠിക്കാന്‍ ശ്രമിച്ചു.90 ാം വാര്‍ഷികത്തോടനുബന്ധിച്ച് വിദ്യാലയം തയ്യാറാക്കിയ സമഗ്രവിദ്യാലയ വികസനരേഖ എന്നോട് യാതൊന്നും സംംവദിച്ചില്ല.
മേഖലകള്‍ക്ക് ഫണ്ട് എഴുതി എന്നതല്ലാതെ വിദ്യാലയത്തിന്റെ വ്യക്തമായ വികസനകാഴ്ചപ്പാട് മുന്നോട്ട് വെക്കാന്‍ ആ രേഖ പര്യാപതമല്ലായിരുന്നു.
ഹെഡ്മിസ്ട്രസിന്റെ അനുമതിയോടെ വിദ്യാലയവികസന രേഖമെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനം സ്വയമേവ ഏറ്റെടുത്തു.3 ദിവസത്തെ ശ്രമത്തിനൊടുവില്‍ 18 മേഖലകളിലെ പദ്ധതിയുമായി വിദ്യാലവികസനരേഖ (21 പേജ്) തയ്യാറാക്കി വിദ്യാലയ പിടിഎ എക്സിക്യൂട്ടീവ് യോഗത്തില്‍ (ജൂണ്‍ 13) ന് അവതരിപ്പിച്ചു.

  
വിദ്യാലയവികസനത്തിന് ഊന്നല്‍ ലഭിക്കണമെങ്കില്‍ വലിയ സദസ്സില്‍ പദ്ധതി അവതരിപ്പിക്കണമായിരുന്നു.ഇതിനിടയില്‍ വിദ്യാലയത്തിന് ഏറ്റെടുക്കാവുന്ന ചെറുപദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.വിദ്യാലയാന്തരീക്ഷം വര്‍ണാഭമാക്കാന്‍ പൂന്തോട്ടം ആവശ്യമാണ്.
പിറന്നാളിനൊരു പുസ്തകം
പിറന്നാളിനൊരു പൂച്ചട്ടി................പദ്ധതി അവതരിപ്പിച്ചു.
അതുവരെ ഒരു പൂവുപോലും ചിരിക്കാതിരുന്ന (എന്റെ കാഴ്ചയില്‍ പതിഞ്ഞനേരം,മുന്നനുഭവം അറിയില്ല) വിദ്യാലയക്യാമ്പസില്‍ പൂക്കള്‍ ചിരിക്കാന്‍ ആരംഭിച്ചു.

 വിദ്യാലയം ശിശുസൗഹൃദമാകണമെങ്കില്‍ ആദ്യം ആകര്‍ഷകമായേ തീരൂ....എന്താവഴി?
സുഹൃത്ത് സാജനുമായി ആലോചിച്ചു.
ഒരു ശനി,ഞായര്‍ ദിവസം നിന്നാല്‍ 10000 രൂപ ചെലവിട്ടാല്‍
ശിശുസൗഹൃദക്ലാസ് മുറിക്ക് തുടക്കമിടാമെന്ന് സാജന്‍ ഉറപ്പുനല്‍കി.
സ്വന്തം നിലയില്‍ ഫണ്ട് എടുക്കാന്‍ തീരുമാനിച്ചു
പുറം ഭാഗത്തെ തൂണുകള്‍,ഒന്നാംക്ലാസ്,പ്രിപ്രൈമറിക്ലാസ് എന്നിവ ചെയിന്റ് നല്‍കി ആകര്‍ഷകമാക്കാനും
ഒന്നാംക്ലിനകം മാജിക്ക് വാള്‍,പുസ്തകറാക്ക്,ഡിസ്പ്ലെ സംവിധാനം എന്നിവ ഒരുക്കാനും തീരുമാനിച്ചു.
ശനി,ഞായര്‍ ദിവസങ്ങളില്‍ ഞങ്ങള്‍ പെയിന്റുജോലിക്കാരായി.
രക്ഷിതാക്കളുമായി സൗഹൃദംസ്ഥാപിക്കാനും പഠനപുരോഗതി പങ്കുവെക്കാനും ആരംഭിച്ച മിന്നാമിന്നി വാട്സ് ആപ് ഗ്രൂപ്പിലൂടെ രക്ഷിതാക്കളുടെ പിന്തുണ തേടിയെങ്കിലും പ്രതികരണം തണുത്തതായിരുന്നു.
കഴിഞ്ഞ 2 വിദ്യാലയങ്ങളിലും രക്ഷിതാക്കളുടെ പിന്തുണ ഉറപ്പാക്കിയാണ് എല്ലാ കാര്യങ്ങളും ചെയ്തത്
അതുമാത്രമാണ് പ്രായോഗികം എന്ന് എനിക്ക് നല്ല ബോധ്യവുമുണ്ട്
ഏതായാലും ശിശുസൗഹ‍ൃദവിദ്യാലയപ്രവര്‍ത്തനം ഞങ്ങള്‍ തുടങ്ങിവെച്ചു


വിദ്യാലയത്തിലെ പെയിന്റടി ചെറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചപ്പോള്‍ അതിനെ സൗഹൃദങ്ങള്‍ രൂപപ്പെടുത്താനുള്ള വഴിയായി ഞാന്‍ കണ്ടു.സുരേഷ്,മുസ്തഫ,ബഷീറിച്ച,സെയ്ദിച്ച എന്നിവരൊക്കെ വളരെ പെട്ടെന്ന് എന്റെ നല്ല സുഹൃത്തുക്കളായി മാറി.
വിദ്യാലയചുവരുകള്‍ മാത്രം നിറപ്പകിട്ടുള്ളതായി മാറിയാല്‍ പോര.കുട്ടികളുടെ യൂണിഫോമിലും പൊതുസമൂഹത്തിനുമുന്നില്‍ പഠിതാക്കളെ അവതരിപ്പിക്കുന്നതിലും വേണമെന്ന കാഴ്ചപ്പാട് ഞാന്‍ അവതരിപ്പിച്ചു
യൂണിഫോം സ്റ്റിച്ചിങ്ങ് മാതൃക മുന്നോട്ടുവെച്ചു,ബെല്‍ട്ട്,ഐഡികാര്‍ഡ്,വിദ്യാലയത്തിന്റെ ലോഗോ എന്നിവയെല്ലാം സ്വമേധയാ ഞാന്‍ ഏറ്റെടുത്തു.


ഈദ് വിരുന്നുമായി ബന്ധപ്പെട്ട് വിദ്യാലയത്തില്‍ ഒരു സംഗമത്തിനെക്കൂറിച്ച് ആലോചന നടന്നപ്പോള്‍ അതെങ്ങനെ വിദ്യാലയവികസനത്തിനന്റെ വേദിയാക്കാം എന്നാണ് ഞാന്‍ ആലോചിച്ചത്
അങ്ങനെ ഈദ് വിരുന്നിനൊപ്പം രണ്ടാമതൊരുവട്ടം കൂടി വികസന പദ്ധതിവിശദീകരണ അജണ്ടയുമായി ഞങ്ങള്‍ ഒത്തുകൂടി.ഈ നീക്കങ്ങള്‍ക്കെല്ലാം ഞങ്ങളെയെല്ലാം ഏറെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന പ്രധാനാധ്യാപി വത്സലടീച്ചറും എസ്എംസി ചെയര്‍മാന്‍ ശ്രീ ബഷീറിച്ച യുടെയും പൂര്‍ണസഹകരണം ഉണ്ടായിരുന്നു.
വിദ്യാലയം തങ്ങളാലാവുംവിധം പരമാവധി മെച്ചപ്പെടുത്തണം എന്ന അദമ്യമായ ആഗ്രഹം എന്നുും രണ്ടുപേര്‍ക്കുമുണ്ടായിരുന്നു.
പദ്ധതികള്‍ പ്രസന്റേഷനായി ചിട്ടപ്പെടുത്തി ഞാനും തയ്യാറായി
അങ്ങനെ ആ ദിനം വന്നെത്തി.
ജുലായ് 3



വികസനചര്‍ച്ചകള്‍ നടന്നു.പക്ഷേ ചര്‍ച്ചകള്‍ക്ക് ഒരു കൊഴുപ്പില്ല എന്ന തിരിച്ചറിവ് എന്നെ വേദനിപ്പിച്ചു.
വിദ്യാലയവികസനത്തില്‍ കൈമെയ് മറന്ന് മുന്നിട്ടിറങ്ങുന്ന അതിഞ്ഞാല്‍ സമൂഹത്തെ രൂപപ്പെടുത്തുക എത്ര എളുപ്പമല്ല എന്ന തിരിച്ചറിവുണ്ടായി.
എങ്കിലും ഒറ്റപ്പെട്ട വികസന പ്രവര്‍ത്തനങ്ങളുമായി ഞങ്ങള്‍ മുന്നോട്ടുപോയി.
ഇതിനിടയില്‍ അധ്യാപകര്‍തന്നെ പണം സ്വരൂപിച്ച് മറ്റുക്ലാസ് മുറികള്‍ ചിത്രീകരിക്കാനും മാജിക്ക് ചുമരുകള്‍ നിര്‍മ്മിക്കാനും ആരംഭിച്ചു.
വിദ്യാലയകലണ്ടര്‍ തയ്യാറാക്കി അക്കാദമികപ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീജടീച്ചര്‍ നേതൃത്വം നല്‍കി.വിദ്യാലയത്തിന്റെ കരുത്തും ഊര്‍ജ്ജവുമാണ് ടീച്ചര്‍.
ഒന്നാംക്ലാസിലെ വ്യത്യസ്ത പ്രവര്‍ത്തനങ്ങളുമായി ഞാനും മുന്നോട്ടു പോയി
(ഒന്നാംക്ലാസിലെ അധ്യാപനാനുഭവം ഞാനീ അധ്യായത്തില്‍ എഴുതാന്‍ മുതിരുന്നില്ല.അത് വേറൊരു അനുഭവക്കുറിപ്പായി ബ്ലോഗില്‍ പ്രസിദ്ധീകരിക്കാം.
ഈ അധ്യായം വിദ്യാലയവികസന നാള്‍വഴികള്‍ എന്നതിലൂന്നി ക്രോഡീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.)

വിദ്യാലയവികസന പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കളുടെ സഹകരണം ഉറപ്പുവരുത്തുന്നതാണ് നല്ലത് എന്ന ബോധ്യത്താല്‍ മദര്‍ പിടിഎ ശാക്തീകരണവഴികളെക്കുറിച്ചായി പിന്നത്തെ ചിന്ത.
ക്ലാസ് തലത്തില്‍ വിദ്യാലയപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കിയുള്ള ശാക്തീകരണമാണ് ദൃഢമായ സൗഹ‍ൃദത്തിലെത്തിക്കുക എന്നതിനാല്‍ ഒന്നാംക്ലാസില്‍ അമ്മമാരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു വായനാകാര്‍ഡ് ശില്പശാല സംഘടിപ്പിച്ചു.24 ഓളം രക്ഷിതാക്കള്‍ പങ്കെടുത്ത ശില്പശാലയില്‍ 150 ഓളം വായനാകാര്‍ഡുകള്‍ രൂപപ്പെട്ടു.
വായനാകാര്‍ഡുകള്‍ക്കപ്പുറം വിദ്യാലയവികസനവഴിയില്‍ എനിക്ക് കുറച്ച് സൗഹൃദങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചു എന്നത് എടുത്തു പറയേണ്ടുന്ന വസ്തുതയാണ്
വായനാകാര്‍ഡ് ശില്പശാല
വിദ്യാലയ വാട്സ് ആപ് ഗ്രൂപ്പിലൂടെയും ഇടക്ക് വിദ്യാലയവാഹനത്തില്‍ ഡ്രൈവറായി പോയും വീടും വിദ്യാലയവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.ഇതിനായി പരമാവധി ദിവസങ്ങളില്‍ 8.30 ഓടെ വിദ്യാലയത്തിലെത്താനും വൈകുന്നേരം 5 മണിവരെയെങ്കിലും വിദ്യാലയത്തില്‍ ചെലവഴിക്കാനും ഞാന്‍ ശ്രദ്ധിച്ചിരുന്നു.
വിദ്യാലയപാര്‍ക്ക്
പുതിയ ക്ലാസ്മുറികള്‍
അസംബ്ലിഹാള്‍
ജൈവപ്പന്തല്‍
മള്‍ട്ടിമീഡിയ ക്ലാസ്മുറികള്‍....
സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകാന്‍ ഏറെ ദൂരം സഞ്ചരിക്കാനുണ്ട് എന്ന തിരിച്ചറിവ് പിന്നെയും ആധി മാത്രം സമ്മിനിക്കാന്‍ തുടങ്ങി.
റെയില്‍വേ പെര്‍മിഷന്‍ തടസ്സത്താലും ദീര്‍ഘകാലം ഫോളോഅപ് പ്രവര്‍ത്തനം നടത്താത്തതിനാലും നഷ്ടപ്പെട്ടുപോയേക്കാമായിരുന്ന അസംബ്ലിഹാള്‍ തിരിച്ചിപിടിക്കാനുള്ള വലിയശ്രമം ഇതിനിടയില്‍ നടത്തിക്കൊണ്ടിരുന്നു.
ഒടുവില്‍ സ്കെച്ച് മാറ്റി വരച്ച് 10 ലക്ഷം രൂപയുടെ അസംബ്ലി കം ഉച്ചഭക്ഷണപ്പന്തല്‍ വിദ്യാലയത്തിന് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു.
ഇനി എ.എസ് ആയി ടെന്‍ഡര്‍ വിളിക്കേണ്ട താമസം മാത്രമേ ഉള്ളൂ.....

അസംബ്ലിഹാളിനായുള്ള എന്റെ അധ്വാനം എന്നില്‍ കൂടുതല്‍ വിശ്വാസമര്‍പ്പിക്കാന്‍ പിടിഎ യെയും രക്ഷിതാക്കളെയും പ്രേരിപ്പിപ്പിച്ചിട്ടുണ്ടാകണം.പിന്നീട്  മുന്നോട്ടു വെച്ച ഒരു വികസന കാഴ്ചപ്പാടിനോട് ആരും പുറം തിരിഞ്ഞു നിന്നിട്ടില്ല.
സമൂഹത്തെ വിദ്യാലയത്തിലിടപെടാന്‍ പ്രേരിപ്പിക്കണമെങ്കില്‍ സമൂഹം രേരിടുന്ന പ്രശ്നത്തില്‍ വിദ്യാലയത്തിനിടപെടാന്‍ സാധിക്കണം.ബഷീറിച്ചയും പിടിഎ പ്രസിഡണ്ട് ശ്രീ അഷ്റഫുമായുള്ള ചര്‍ച്ചയാണ് നിര്‍മ്മലം ശുചിത്വപദ്ധതിക്ക് വഴി വെച്ചത്.
ആരോഗ്യകരമായ വിദ്യാലയന്തരീക്ഷത്തിന് അശ്രദ്ധമായി ആള്‍ക്കാര്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ തടസ്സമായി.പ്ലാസ്റ്റിക്ക്മാലിന്യം,മെഡിസിനല്‍വെസ്റ്റ്,അറവുമാലിന്യങ്ങള്‍ എന്നിവ ആര്‍ക്കും കൊണ്ടിടാവുന്ന പ്രദേശമായി മാറിയിരുന്നു വിദ്യാലയത്തിനടുത്തുള്ള നീര്‍ച്ചാലും പൂത്താലിക്കുളവും.
ഈ മലിനജലത്തിലൂടെ നടന്നുവേണം മഴക്കാലത്ത് വിദ്യാലയത്തില്‍ കുട്ടികള്‍ വരാന്‍.ഈ പ്രശ്നം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും വര്‍ഷങ്ങളായി തുടരുന്ന സ്ഥിതിയില്‍ മാറ്റം വരുത്താന്‍ ആരും മുന്നിട്ടിറങ്ങിയിരുന്നില്ല.വിദ്യാലയപരിസരത്തെ മാലിന്യക്കൂമ്പാരത്തിന്റെ ഭീകരത ഈ ദൃശ്യം നിങ്ങള്‍ക്ക് കാട്ടിത്തരും
 

വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലെ ഉദ്യോഗസ്ഥരുമായുണ്ടായ സൗഹൃദഹങ്ങള്‍ നിര്‍മലം പദ്ധതിയില്‍ പ്രയോജനപ്പെടുത്തി.വിദ്യാലയപിടിഎ​ ക്ക് ബാധ്യതവരാത്തവിധം പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു.



നിര്‍മലം പദ്ധതി രണ്ട് ഘട്ടമായി നടത്തിയപ്പോഴും പരമാവധി രക്ഷിതാക്കളെയും നാട്ടുകാരെയും പങ്കെടുപ്പിക്കാന്‍ ശ്രമിച്ചു
ആഗസ്ത് 31 ന് നടന്ന സെമിനാറില്‍ റംസാന്റെ തലേദിവസമായിട്ടുകൂടി 100 നടുത്ത് ആള്‍ക്കാര്‍ അണിനിരവന്നു.ശുചിത്വ ചര്‍ച്ചകള്‍ക്കായുള്ള വീഡിയോ എഡിറ്റ് ചെയ്ത് പ്രസന്റേഷന്‍ തയ്യാറാക്കിയിരുന്നു. 

സെമിനാറിന് ശേഷം മാലിന്യപ്രശ്നം പരിഹരിക്കാന്‍ വിവിധ ഏജന്‍സികളെ ബന്ധപ്പെട്ടു.
.മീഡിയയില്‍ കവറേജ് കിട്ടാന്‍ നടത്തിയ ശ്രമം ഫലംകണ്ടു.റിപ്പോര്‍ട്ടര്‍ ചാനലിലും പ്രാദേശികചാനലുകളിലും പത്രങ്ങളിലും മാലിന്യപ്രശ്നം വാര്‍ത്തകളായി വന്നു. 



1000 മള്‍ട്ടികളര്‍ ബ്രോഷര്‍ തയ്യാറാക്കി വിതരണം ചെയ്തു.
 അമ്മമാര്‍ 276 വീടുകളില്‍ ശുചിത്വപ്രചരണം നടത്തി.
വലിയ ആവേശത്തോടെ രക്ഷിതാക്കളും മദര്‍പിടിഎയും പ്രവര്‍ത്തനം ഏറ്റെടുത്തു.
ശുചിത്വ ക്യാംപെയിന്‍ വര്‍ക്ക്
ഹരിതം എന്ന പേരില്‍ വിദ്യാലയത്തില്‍ വിഷരഹിതജൈവപച്ചക്കറിക്ക‍ൃഷിക്ക് തുടക്കം കുറിച്ചു.50 അമ്മമാര്‍ അടങ്ങുന്ന മദേഴ്സ് ഫോറത്തിന്റെ നേതൃത്വത്തില്‍ പച്ചക്കറിക്കൃഷി എന്നതായിരുന്നു എന്റെ സ്വപ്നം. പച്ചക്കറി കൃഷിക്ക് വേണ്ടുന്ന എല്ലാ സഹായവും അമ്മക്കൂട്ടമാണ് ചെയ്തു തന്നത്.
ജെവപ്പന്തല്‍,ഗ്രോബാഗുകള്‍,പണിയുപകരണങ്ങള്‍,വിത്തുകള്‍,നനക്കാനുള്ല സാമഗ്രികള്‍ എന്നു വേണ്ട സര്‍വതും അമ്മമാര്‍ എത്തിച്ചുതന്നു.എടുത്തുപറയേണ്ടുന്ന വസ്തുത കൃഷിക്കാവശ്യമായ 100 ഗ്രോബാഗുകള്‍ അവരവരുടെ വീട്ടില്‍ നിന്ന്  മണ്ണ് നിറച്ചു തന്നതും ഈ അമ്മമാരാണ് എന്നതാണ്.

ഫ്ലക്സ് മാലിന്യം കൊണ്ട് ഗ്രോബാഗ് നിര്‍മ്മിക്കാന്‍ വിദ്യാലയം ആലോചിച്ചപ്പോള്‍ അതിന്റെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ അമ്മക്കൂട്ടം തയ്യാറായി.
35ഓളം ഗ്രോബാഗുകള്‍ അമ്മമാരുടെ നേതൃത്വത്തില്‍ തയ്യാറാക്കി.ഇത്തരം പരിശീലനം അമ്മമാര്‍ക്ക് ലഭിക്കുന്നതുകൊണ്ട് വേറൊരു മെച്ചം കൂടിയുണ്ട്.വരും വര്‍ഷങ്ങളില്‍ പൊതുസമൂഹത്തിന് ഇത്തരമരു മെസേജ് നല്‍കാനും വിദ്യാലയത്തിനാവശ്യമായ ഗ്രോബാഗുകള്‍ നിര്‍മ്മിക്കാനും മദര്‍പിടിഎ അംഗങ്ങള്‍ക്ക് സഹായിക്കുകയും ചെയ്യാം






ഒക്ടോബര്‍ 3 ന് ഒരു സംസ്ഥാനത്തിന് തന്നെ മാതൃകയാകുവിധം പൂത്താലിക്കുളവും അതിനടുത്ത നീര്‍ച്ചാലും ശുചീകരിക്കപ്പെട്ടു.

പൂത്താലിക്കുളത്തിനടുത്തും പരിസരത്തും സിസിടിവി സ്ഥാപിക്കാനുള്ള വിദ്യാലയത്തിന്റെ ശ്രമം അവസാനഘട്ടത്തിലാണ്. മാലിന്യത്തിനെതിരെ 6 ഓളം പരിസ്ഥിതി സൗഹൃദപോര്‍ഡുകള്‍ ഇതിനകം നാം സ്ഥാപിച്ചു കഴിഞ്ഞു.


ഇതോടുകൂടി അതിഞ്ഞാല്‍ പ്രാദേശത്തെ മാലിന്യപ്രശ്നത്തിന് തടയിടാന്‍ വിദ്യാലയത്തിന് സാധിക്കും.ഒരുപക്ഷെ മാലിന്യത്തിനെതിരെ സന്ധിയില്ലാ സമരം നടത്തിയ ഈ വിദ്യാലയപ്രവര്‍ത്തനം കേരളത്തില്‍ തന്നെ ആദ്യമാണ്.നാളെ എവിടെയും വിദ്യാലയമികവായി ഇക്കാര്യം നമുക്ക് എടുത്തുകാണിക്കുകയും ചെയ്യാം.
ഈ പ്രവര്‍ത്തനം ഏറ്റെടുക്കുകവഴി സമൂഹത്തിന് പൊതുവിദ്യാലയത്തിലുള്ളവിശ്വാസം വര്‍ധിപ്പിക്കാനും ,സമൂഹത്തിനായാണ് പൊതു വിദ്യാലയങ്ങള്‍ നിലകൊള്ളുന്നത് എന്ന സന്ദേശം ജനങ്ങളിലെത്തിക്കുവാനും നമുക്ക് സാധിച്ചിട്ടുണ്ട്.
സമൂഹത്തിനായി ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ സമൂഹത്തിന് എങ്ങനെയാണ് വിദ്യാലയവികസനത്തില്‍ പങ്കാളിയാകാതിരിക്കാന്‍ കഴിയുക....



................................................
ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു........
ഈ തിരിച്ചറിവോടെ പ്രവര്‍ത്തിച്ച് മുന്നേറാന്‍ വിദ്യാലയവും പിടിഎ യും ശ്രമിക്കുകയാണെങ്കില്‍ സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന വിദ്യാലയമായി ജിഎംഎല്‍പി സ്കൂള്‍ അജാനൂര്‍ മാറാന്‍ അധികം നാളുകള്‍ വേണ്ട.
അതിനുവിദ്യാലയത്തിന് സാധിക്കുക തന്നെ ചെയ്യും.
ഈ ചിന്തകള്‍ പങ്കുവെച്ചുകൊണ്ട് ഞാന്‍ വിദ്യാലയത്തില്‍ നിന്നും തല്‍ക്കാലം പിന്‍വാങ്ങുന്നു.
വരുംദിനങ്ങളില്‍ നിങ്ങളേറ്റെടുക്കുന്ന എല്ലാ വികസനപ്രവര്‍ത്തനങ്ങളിലും നിങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പുതന്നുകൊണ്ട്..............

                                                                    സ്നേഹപൂര്‍വം 
                                                                നിങ്ങളുടെ മഹേഷ്

No comments:

Post a Comment