Wednesday, 4 September 2013

വരച്ചു വളരുന്ന കുട്ടി

വരച്ചു വളരുന്ന കുട്ടി

ചിത്രകല കുത്തിവരയ്കലോടെ ആരംഭിക്കുന്നു. ആണ്‍ , പെണ്‍ ഭേദമില്ലാതെ സാമൂഹിക സാമ്പത്തികസ്ഥിതി ഏതു തന്നെയായാലും ലോകത്തുളള എല്ലാ കുട്ടികളും പെന്‍സില്‍, പേന, കരിക്കട്ട, ക്രയോണ്‍സ് എന്നു വേണ്ട ലഭ്യമായ ഏതെങ്കിലും സാമഗ്രിവെച്ച് കടലാസിലോ തറയിലോ ചുമരിലോ കുത്തിക്കോറിയിടും. ഇതാണ് അവരുടെ ചിത്രകലാവാസനയുടെ ആന്തരികസമ്മര്‍ദ്ദത്തിന്റെ ഭാഗമായി നടക്കുന്ന ആദ്യ പ്രകാശനങ്ങള്‍. ഒന്നൊന്നര വയസാകുമ്പോഴേക്കും ഇതാരംഭിച്ചു തുടങ്ങും. ഇവിടെ അവരുടെ കുത്തിവരയ്ക്കലിന് അര്‍ഥങ്ങളില്ല.അവരതില്‍ ആസ്വദിക്കുന്നു. കൈകളുടെ ചലനം പ്രതലങ്ങളില്‍ സൃഷ്ടിക്കുന്ന അടയാളങ്ങളുടെ അത്ഭുതങ്ങളിലാണവര്‍ ആനന്ദം കണ്ടെത്തുന്നത്. പ്രതലപരിധികളെ ചിലപ്പോള്‍ ഈ വരകള്‍ കവിഞ്ഞു പോകും.വരകളുടെ ചില നിയമങ്ങള്‍ അവര്‍ മനസിലാക്കുന്നതിലേക്ക് ഇതെത്തും (ഒരേ ദിശയില്‍ വരയ്ക്കുക, വരകള്‍ കൂട്ടിമുട്ടിക്കുക, വട്ടത്തില്‍ വരയ്ക്കല്‍, നീളത്തില്‍ വരയ്കല്‍, വ്യത്യസ്ത അളവുകളില്‍ വരയ്ക്കല്‍, പാറ്റേണുകള്‍ രൂപപ്പെടുത്തല്‍ തുടങ്ങിയവ) ചിത്രകലയുടെ ആദ്യ ശ്രമങ്ങളെ മുതിര്‍ന്നവര്‍ 'കുത്തിവരയ്ക്കല്‍' എന്ന നെഗറ്റീവ് പദം കൊണ്ടു സമീപിക്കുന്നതോടെ ഈ കുത്തിവര പ്രോത്സാഹിപ്പിക്കപ്പെടാതെ പോകുന്നു. ചിലപ്പോള്‍ കൂട്ടികള്‍ തല്ലു മേടിക്കും. ചീത്ത കേള്‍ക്കും. പെന്‍സില്‍ പേന എന്നിവയുടെ ഉപയോഗനിരോധനാജ്ഞയും സംഭവിക്കും.
                                 പിന്നീട് കുട്ടികള്‍ ആരുടേയും ,സഹായമില്ലാതെ നിയന്ത്രിതവരകളിലേക്ക് കഴിവുയര്‍ത്തി എടുക്കുന്നു. അപ്പോള്‍ അവരതെന്താണെന്നു നിര്‍വചിക്കും. അമ്മയോ പൂവോ പ്രേതമോ ഒക്കെയാണത്. മുതിര്ന്നവര്‍ക്ക് കുട്ടികളുടെ ജ്ഞാനദൃഷ്ടി ഇല്ലാത്തതിനാല്‍ അവര്‍ക്കത് കണ്ടെത്താന്‍ കഴിയാതെ പോകും. അര്‍ഥരഹിതമായ പാഴ്വരകളായി അവ വിലയിരുത്തപ്പെടുന്നു. ഒരു ചിത്രകാരിക്ക് നല്‍കുന്ന ഫീഡ് ബാക്ക് ഇവിടെയും പലപ്പോഴും പ്രചോദനാത്മകമല്ല. അംഗീകാരം അനിവാര്യമായ സന്ദര്‍ഭത്തെ നാം മാനിക്കാതെ പോകുന്നു.കുട്ടിക്ക് പുരസ്കാരങ്ങള്‍ നല്‍കണം. അവ ക്രയോണ്‍സും മാര്‍ക്കര്‍പേനകളും കളര്‍പെന്‍സിലുകളും പേപ്പറുകളും ബുക്കുകളും സ്വാതന്ത്ര്യവുമാണ്.വാട്ടര്‍ കളറുകളും കുട്ടിക്ക് ലഭിക്കണം.കുട്ടി വരയ്ക്കുന്ന ചിത്രങ്ങളില്‍ നിറങ്ങള്‍ ഈ കാലത്ത് പ്രത്യേക അര്‍ഥോല്പാദനം നടത്തുന്നില്ല. കറുത്ത പൂവിനെ കുട്ടി വരയ്ക്കാം. ഒരു വട്ടം വരച്ച് അതിനടുത്ത് ഒരു നെടിയ വരയുമിട്ട കുട്ടി അത് അമ്മയും കിണറും എന്നു പറഞ്ഞാല്‍ നാം ആ ചിത്രത്തെ കൂടുതല്‍ വ്യാഖ്യാനിക്കാന്‍ അനുവദിക്കണം. അമ്മ എന്തിനാണ് കിണറിന്റെ അടുത്തു പോയത്? അപ്പോള്‍ മോളെവിടെയായിരുന്നു എന്നിങ്ങനെ ആ ചിത്രത്തിനു പിന്നിലുളള ചിന്തയെ മനസിലാക്കാന്‍ ശ്രമിക്കണം. അമ്മയുടെ ഉയരം എത്ര വരും എന്നിങ്ങനെ വരയുടെ സാങ്കേതികമായ തലവും ചിന്തയിലുണ്ടാകും അതും നാം ചെവികൊടുത്തു മനസിലാക്കണം. ഈ പ്രക്രിയ കുട്ടിക്കുളള അംഗീകാരവുമാണ്.
പിന്നീട് കുട്ടികള്‍ മനുഷ്യരൂപങ്ങള്‍ വരച്ചു തുടങ്ങും. പ്രധാന കാര്യങ്ങള്‍ മാത്രമേ ഉണ്ടാകൂ. തല, കൈ, കാല്.ഉടലില്ലാത്ത കഴുത്തില്ലാത്ത രൂപങ്ങള്‍ .പ്രതിരൂപാത്മക പൂര്‍വ ചിത്രീകരണകാലം എന്നു വിളിക്കാം. ആരെ വരച്ചാലും ഒരേ പോലിരിക്കും. അപൂര്‍ണചിത്രീകരണകാലമാണിത്. കുട്ടി വരച്ചപ്പോള്‍ തെറ്റു പറ്റിയതാണ് അശ്രദ്ധമൂലം സംഭവിച്ചതാണെന്നു കരുതി തിരുത്താന്‍ പോകരുത്. (കുമാരനാശാന്‍ തിരുത്താന്‍ പോയത് നമ്മളുടെ മുന്നിലുണ്ട്. ചെടിയില്‍ നിന്നും പൂക്കള്‍ പറന്നു പോകുന്ന മനോഹരമായ ശിശുഭാവനയോട് തെറ്റി നിനക്കുണ്ണി എന്നു പറഞ്ഞു തിരുത്തിയത് കവി ആശാനായതു കൊണ്ടാകാം.. ) കൈപ്പന്തു കളിക്കുന്ന ചിത്രം വരയ്കാനാവശ്യപ്പെടൂ കളിയില്‍ പങ്കാളിയായ ശേഷം. കുട്ടികള്‍ കൈകള്‍ വരച്ചിരിക്കും.. ശരീരഭാഗങ്ങള്‍ വരയ്ക്കേണ്ട അനിവാര്യമായ സന്ദര്‍ഭമില്ലെങ്കില്‍ കുട്ടി അവ വരയ്കണമെന്നില്ല.
നാലഞ്ചു വയസില്‍ തന്നെ വ്യത്യസ്ത രീതിയിലുളള ചിത്രീകരണശ്രമങ്ങളാരംഭിക്കും. കുടുംബചിത്രം, നടന്നു പോകുന്ന ചിത്രം. കുട്ടികള്‍ വരയ്ക്കുന്ന മനുഷ്യചിത്രങ്ങളില്‍ മറ്റെന്തെല്ലാം അപൂര്‍ണതകളുണ്ടെങ്കലും തല ഉണ്ടായിരിക്കും. എന്തായിരിക്കുമതിന്റെ കാരണം? കുട്ടി ആളുകളെ തിരിച്ചറിയുന്നതുമായി അതിനു ബന്ധമുണ്ടോ എന്നാലോചിച്ചിട്ടുണ്ടോ? തല പ്രധാനമാകുന്ന മറ്റു കാര്യങ്ങളെന്തെല്ലാമായിരിക്കും? കുട്ടികളുടെ ചിത്രകലാവികാസം നാം അലോചനയിലേക്ക് കൊണ്ടുവരാത്തത് എന്താണ്? ആ വരകള്‍ക്കു പിന്നില്‍ ചിന്തയുടെ ബൗദ്ധികവളര്‍ച്ചയുടെ ഘടകങ്ങളില്ലേ?
അഹംകേന്ദ്രിത ചിന്തയുടെ ( egocentric ) പ്രതിഫലനങ്ങള്‍ ചിത്രങ്ങളില്‍ കാണാം. എന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ടവ മാത്രമാണ് ആദ്യകാല ചിത്രങ്ങളില്‍ സ്ഥാനം പിടിക്കുക. തന്നില്‍കൂടി ലോകത്തെ നോക്കിക്കാണുകയാണ്. സ്ഥലരാശിയെക്കുറിച്ചുളള ധാരണ വികസിക്കുന്നതോടെ അവ ചിത്രങ്ങളിലും ഇടം തേടും. വരയ്ക്കുന്ന വസ്തുക്കള്‍ ചുറ്റുപാടുമുളളതാകും. അവയുടെ അനുപാതം പാലിക്കാന്‍ കുട്ടി ശ്രമിക്കുന്നില്ല. സ്ഥാനവും വലിപ്പവും പൊരുത്തപ്പെടാതെ കിടക്കാം. അവ പരസ്പരബന്ധമില്ലാതെ ആകാശത്തു തൂങ്ങി നില്‍ക്കുന്നതായി മുതിര്‍ന്നവര്‍ക്കു തോന്നിയേക്കാം. ചിത്രകലയില്‍ ഒന്നും നിഷിദ്ധമല്ല എന്നതാണ് പ്രധാനം. ശരിയും തെറ്റുമില്ല. ചിത്രകലയുടെ വ്യാകരണം സങ്കീര്‍ണമാണ്.
അഞ്ചു വയസ്സ് പിന്നിടുന്നതോടെ വസ്തക്കളുടെ ചിത്രപ്രതീകങ്ങള്‍ രൂപപ്പെടുത്താന്‍ കുട്ടികള്‍ക്കു കഴിയും. മരം, വീട്, പക്ഷി തുടങ്ങിയവയെല്ലാം വരികയായി, കുട്ടി ലോകത്തെ നിരീക്ഷിക്കുന്നതിന്റെയും സൂക്ഷ്മധാരണ വികസിക്കുന്നതിന്റെയും ഫലമാണിത്. ഓരോ കുട്ടിയുടെയും ചിത്രങ്ങള്‍ വ്യത്യസ്തമായിരിക്കും.ശരീരഭാഗങ്ങളെല്ലാമുളള മനുഷ്യരാണ് ഇക്കാലത്തെ ചിത്രങ്ങളിലുണ്ടാവുക. ഏറെക്കുറെ ശരിയായ അനുപാതം പാലിക്കാനും ശ്രമിക്കും. കണ്ണ് മൂക്ക്, വായ് , വസ്ത്രം,വിരലുകള്‍ എന്നിവയെല്ലാം പരിശോധിച്ചാല്‍ ഇതു മനസിലാകും. കൂടുതല്‍ വിശദാംശങ്ങളിലേക്കു പോകുന്നു. എങ്കിലും അപ്രധാനമായവ ഒഴിവാക്കുക തന്നെ ചെയ്യും. കുട്ടിയുടെ വൈജ്ഞാനികവികാസവും കലാവികാസവും ബന്ധപ്പെട്ടിരിക്കുന്നു. ചില ഭാഗങ്ങല്‍ പര്‍വതീകരിക്കുന്ന പ്രവണതയെ കുട്ടിയുടെ ചിന്തയുമായി പൊരുത്തപ്പെടുത്തി വായിക്കണം. കുട്ടിയുടെ അനുഭവങ്ങളും ഭാവന ഉണര്‍ത്താനുളള സന്ദര്‍ഭങ്ങളും ഇവിടെ പ്രധാനമാണ്. കഥകളും പാട്ടുകളും ധാരാളം ആസ്വദിക്കുന്ന കുട്ടിയില്‍ അവയുടെ മനോചിത്രങ്ങള്‍ രൂപപ്പെടും.
കുട്ടി ഭൂമിയും ആകാശവും വേര്‍തിരിച്ചുളള ചിത്രരചനയിലേക്കു കടക്കും. അതായത് ഒരു പ്രതലത്തെ ആധാരമാക്കി കാര്യങ്ങളെ കാണുകയാണ്. മരങ്ങള്‍ വരയ്ക്കുമ്പോള്‍ തറയും ചെടി വരയ്കുമ്പോള്‍ പൂച്ചട്ടിയും വരും. എവിടെ എന്ന ചോദ്യത്തിനുളള ഉത്തരം കുട്ടിയുടെ പരിഗണനയില്‍ വരുന്നു.കുട്ടിയുടെ ദൃശ്യബോധവികാസത്തിന്റെ തെളിവുകളായി ചിത്രങ്ങളെ കാണാനും കഴിയും. ലോകത്തിന്റെ സങ്കീര്‍ണതകള്‍ കുട്ടി മനസിലാക്കിത്തുടങ്ങുകയും ഒരേ ഫ്രെയിമില്‍ ഒന്നിലധികം വസ്തുക്കള്‍ സന്നിവേശിപ്പിക്കുകയും ചെയ്യും. കാലവും ക്രമേണ ചിത്രീകരണത്തിനു പരിഗണിക്കപ്പെടുന്നു. സംഭവങ്ങളെ ചിത്രീകരിക്കുമ്പോഴാണ് ഇതു പ്രകടമാവുക. കഥയിലെ നിശ്ചിത രംഗങ്ങള്‍ ആവിഷ്കരിക്കപ്പെടുന്നു, ദൃശ്യാഖ്യാനങ്ങള്‍ ( creating visual narratives ) ഇഷ്ടപ്പെടുക മാത്രമല്ല സൃഷ്ടിക്കാന്‍ താല്പര്യം കാട്ടുകയും ചെയ്യും. സുതാര്യചിത്രങ്ങളും ചില കുട്ടികള്‍ വരയ്ക്കും. ഒരു വസ്തുവിനപ്പുറണുളളതും കാണാന്‍ കഴിയും വിധം. കുടത്തിനുളളില്‍ മീന്‍ കിടക്കുന്നത് വരച്ചുവെക്കും. ഗര്‍ഭിണിയായ അമ്മയുടെ വയറ്റിലെ കുഞ്ഞിനെ കൂട്ടി കാണും.
സാംസ്കാരികഘടകങ്ങള്‍. കുട്ടിക്ക് ലഭിക്കുന്ന ചിത്രീകരണമുളള എല്ലാ സാമഗ്രികളും അബോധമായി കുട്ടി സ്കാന്‍ ചെയ്യുന്നുണ്ട്. ടി വി, ചിത്രകഥാ പുസ്തകങ്ങള്‍ ,ഫോട്ടോകള്‍ എന്നിവയിലെല്ലാം പ്രകടമാകുന്ന സാംസ്കാരികമായ അടയാളങ്ങള്‍ കുട്ടിയുടെ ചിത്രങ്ങളില്‍ സ്ഥാനം പിടിക്കും. സാംസ്കാരിക സാമൂഹിക വികാസം, വൈകാരിക വികാസം എന്നിവയുടെ പ്രതിഫലനങ്ങളുളള ചിത്രങ്ങള്‍ വരയ്താന്‍ കുട്ടി ശ്രമിക്കുന്നു.
ആരാധനാപാത്രങ്ങളെ ചിത്രീകരിക്കാനും കുട്ടി തീരുമാനിക്കുന്നു.പ്രിയപ്പെട്ട വിനോദങ്ങളും വസ്തുക്കളും ആവര്‍ത്തിക്കുന്നു. ക്ലോസപ്പുകളും ത്രിമാന ചിത്രീകരണ രീതികളും വശത്താക്കുന്നു. എട്ട് ഒമ്പതു  വയസാകുന്നതോടെ ഉയര്‍ന്ന ദൃശ്യാവബോധമുളളയാളായി കുട്ടി മാറുന്നു. ചിത്രങ്ങളുടെ പൂര്‍ണതയ്ക്കുവേണ്ടിയുളള ദാഹം ശക്തമാകുന്നു. പക്ഷെ വിദ്ഗ്ധ സഹായം കിട്ടാതെ കുട്ടിയിലെ ചിത്രകാരന്‍ /ചിത്രകാരി വിദ്യാലയങ്ങളില്‍ വെച്ച് അപമൃത്യുവിന് ഇരയാകുന്നു. എഫ് ഐ ആറില്‍ ആരുടെയൊക്കെ പേരുകളാണുളളത് എന്നു ആലോചിച്ചു നോക്കൂക.
                         
ഈ ചിത്രം നോക്കുക. രണ്ടാം ക്ലാസുകാരി ഒന്നാം ക്ലാസിലെ അധ്യാപികയ്ക് എഴുതിയ കത്താണ്. അതില്‍ മനോഹരമായ ഒറു ചിത്രവും. എന്തുകൊണ്ടാണ് നമ്മുടെ കുട്ടികളുടെ കുറിപ്പുകള്‍ ചിത്രസഹിതമാകാത്തത്? ഇന്നു കിട്ടുന്ന എല്ലാ അച്ചടിവായനാസാമഗ്രികളിലും ചിത്രങ്ങളുണ്ടല്ലോ. കുട്ടിയുടെ ഭാഷാബുക്കില്‍  സാമൂഹികശാസ്ത്രത്തില്‍,ഗണിബുക്കില്‍ ഒക്കെ സര്‍ഗാത്മക ചിന്ത അനുവദിച്ചുകൂടേ‍‍ ആശയങ്ങളുടെ ഭാവനയുടെ മുദ്രകള്‍ വീഴുമ്പോഴല്ലേ അതിനു മികവു കൂടൂ.. 
                                     ശിശുവികാസവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നല്‍കുന്ന തിരിച്ചറിവുകള്‍ വിദ്യാഭ്യാസത്തില്‍ പ്രധാനമാണ്. കുട്ടിയുടെ വളര്‍ച്ചാഘട്ടങ്ങളില്‍ കലാപരമായ വികാസവും നടക്കുന്നു. കുട്ടിയുടെ കലാപരമായവികാസത്തെ നിരവധിഘടകങ്ങള്‍ സ്വാധീനിക്കുന്നുമുണ്ട്. പ്രാരംഭത്തില്‍ സാമൂഹികസ്ഥിതി എന്തു തന്നെയായാലും സഹജവാസനയാല്‍ കുട്ടി മുന്നേറും.എന്നാല്‍ തുടര്‍ന്നുളള ഘട്ടങ്ങളില്‍ മുതിര്‍ന്നവരുടെ മാര്‍ഗനിര്‍ദ്ദേശങ്ങളാവശ്യമാണ്

  • പിന്തുണാ സാഹചര്യം ഒരുക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നാണ് ബഹുഭൂരിപക്ഷം വിദ്യാലയങ്ങളും കരുതുന്നത്.
  • ചെറിയ ക്ലാസ് മുതല്‍ കുട്ടിയുടെ വികസനാവശ്യങ്ങളോട് അനുകൂലമായി പ്രതികരിക്കണമെന്ന ധാരണയില്ലാത്ത അധ്യാപകരാകട്ടെ തങ്ങളെ സ്വയം പരിവര്‍ത്തിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നുമില്ല
  • ചിത്രകല, സംഗീതം എന്നിവയുടെ പ്രാഥമിക ധാരണ പോലും നേടുന്നതിനോ അവ ആസ്വദിക്കുന്നതിനോ തയ്യാറാകുന്നില്ല
  • സംഗീതാധ്യാപിക ഉണ്ടെങ്കില്‍ ചിത്രകലാധ്യാപിക കാണില്ല. അരങ്ങിനെക്കുറിച്ചുളള ധാരണയുളളവരും ശൂ! 
  • അവസരം കിട്ടാതെ കുട്ടികളുടെ പഠനവളര്‍‌ച്ചാമുരടിപ്പിനെ രണ്ടാംകിട വിഷയമാക്കുന്ന സമീപനം തിരുത്തണം
  • സര്‍ഗാത്മകതയെ കൊന്ന പാപം ഓരോ വിദ്യാലയത്തേയും വേട്ടയാടുക തന്നെ ചെയ്യും
  • (കടപ്പാട്-കലാധരന്‍.ടി.പി-ചൂണ്ടുവിരല്‍)

No comments:

Post a Comment