വായനാദിനവും വാരവുമൊക്കെ കഴിഞ്ഞതിനുശേഷമാണ് വായനയെപ്പറ്റി പറയുന്നത്. മറ്റു ദിനാചരണങ്ങള്‍ പോലെ, വായനാദിനത്തേയും ദിനത്തിലോ വാരത്തിലോ ഒതുക്കാനാവില്ലല്ലോ.
വിജ്ഞാനം വിരല്‍തുമ്പിലെത്തിനില്‍ക്കുന്ന, ഇന്റര്‍നെറ്റിന്റേയും കമ്പ്യൂട്ടറിന്റേയുമൊക്കെ പുതിയ ലോകത്തില്‍ വായനക്ക് മുമ്പത്തെയത്ര പ്രാധാന്യമുണ്ടോ? പുതിയ അറിവുകള്‍ നേടുന്നതിനും വിജ്ഞാനം ആര്‍ജ്ജിക്കുന്നതിനും ഇനി വായിക്കണമെന്ന് നിര്‍ബന്ധമുണ്ടോ ?
ഇന്റര്‍നെറ്റായാലും കമ്പ്യൂട്ടറായാലും വിവരങ്ങള്‍ അറിയണമെങ്കില്‍ വായിക്കാതെ തരമില്ലല്ലോ. പണ്ട് വായിച്ചിരുന്നത് പുസ്തകങ്ങളില്‍ നിന്നായിരുന്നുവെങ്കില്‍ ഇന്ന് കമ്പ്യൂട്ടറും ഇ റീഡറുമൊക്കെയായി എന്നു മാത്രം. ആദിമ കാലത്ത് മനുഷ്യന്‍ കല്ലിലും ഓലകളിലുമൊക്കെ എഴുതിയതാണല്ലോ വായിച്ചിരുന്നത്. കല്ലില്‍ നിന്ന് വായിച്ചിരുന്നത് ഇപ്പോള്‍ കമ്പ്യൂട്ടറിലായി. കല്ലായാലും കമ്പ്യൂട്ടറായാലും വായനക്കുപകരം വായാന മാത്രം !
എന്തുകൊണ്ടാണ് വായന മനുഷ്യജീവിതത്തില്‍ ഇത്രത്തോളം പ്രധാനമാവുന്നത് ?
ആദിമകാലം മുതല്‍ ആധുനിക കാലം വരെ മനുഷ്യനെ വിടാതെ പിന്തുടരുന്നത് ?
അനുഭവമാണല്ലോ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത്. ഒരു ജന്മം കൊണ്ട് ഒരു മനുഷ്യന് നേടിയെടുക്കാനാവുന്ന അനുഭവങ്ങള്‍ക്ക് പരിധിയുണ്ട്. മഹത്തായ രചനകള്‍ വായിക്കുന്നതോടെ മറ്റുള്ളവരുടെ അനേകം ജന്മങ്ങളിലെ അനുഭവങ്ങള്‍ നമുക്കും നേടാനാകുന്നു. ജന്മാന്തരങ്ങളിലൂടെ തലമുറകള്‍ നേടിയ അറിവുകള്‍ നമുക്കും സ്വാംശീകരിക്കാനാകുന്നു. മറ്റുള്ളവര്‍ക്ക് ജീവിതത്തില്‍ പറ്റിയ പരാജയങ്ങളും തെറ്റുകളും നമുക്ക് ഒഴിവാക്കാനാകുന്നു. ഒരു ജന്മം കൊണ്ടുതന്നെ അനേകജന്മം നമുക്ക് ജീവിക്കാനാകുന്നു. അതുതന്നെയാണ് വായനയുടെ ഏറ്റവും വലിയ ഗുണം. ജീവിതത്തിലെ ഏറ്റവും വലിയ മുതല്‍. ഏറ്റവും വലിയ ലാഭം. ജീവിത വജയം നേടിയ മഹാന്‍മാരും ലോകനേതാക്കളുമോല്ലാംതന്നെ മികച്ച വായനക്കാര്‍ കൂടിയായിരുന്നുവല്ലോ.
തലമുറകള്‍ നേടിയ അറിവുകള്‍ മാത്രമല്ല, പുതിയ അറിവുകള്‍ നേടുന്നതിനും വായനാതന്നെയാണ് പ്രധാന മാര്‍ഗം. 'If you are not updated, you will be outdated' എന്നു കേട്ടിട്ടില്ലേ? വായിക്കുകയും പുതിയ പുതിയ അറിവുകള്‍ സ്വയത്തമാക്കുകയും ചെയ്തില്ലെങ്കില്‍ നമ്മള്‍ പിന്നിലായിപ്പോകും. പഴഞ്ചനായിപ്പോകും. ആധുനികമായ വേഷഭൂഷാദികളും പെരുമാറ്റരീതികളും ഉണ്ടായതുകൊണ്ടുമാത്രം 'മോഡേണ്‍' ആയി എന്ന ധാരണ ശരിയല്ല. പുറമേക്കുള്ള ഇത്തരം പ്രകടനങ്ങള്‍കൊണ്ട് നമുക്ക് അധികമൊന്നും പിടിച്ചുനില്‍ക്കാനാവില്ല. അറിവും ചിന്തയം ബുദ്ധിയും മനസ്സും എന്നും തേച്ചുമിനുക്കിയും മൂര്‍ച്ചകൂട്ടിയും പുതുക്കിക്കൊണ്ടുമിരിക്കുക. 'അറിവും ബുദ്ധിയും ഇരിക്കെ കെടും' എന്ന് പണ്ടുള്ളവര്‍ പറയുന്നത് കേട്ടിട്ടില്ലേ ? ആധുനിക മനശ്ശാസ്തവും ഈ അറിവ് ശരിവെക്കുന്നുണ്ട്. തലച്ചോറിന്റേയും ബുദ്ധിയുടേയും വളര്‍ച്ചക്കും വികാസത്തിനും ഉള്ള ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്ന് അതിനെ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുക എന്നുതന്നെയാണ്. 'Use it or lose it' എന്നാണ് ബുദ്ധിയെക്കുറിച്ച് പറയുക. നിങ്ങള്‍ക്ക് ജന്മസിദ്ധമായി കിട്ടിയ തലച്ചോറിനെ ഒന്നുകില്‍ നിരന്തര ഉപയോഗത്തിലൂടെ മൂര്‍ച്ച കൂട്ടുകയും വളര്‍ത്തുകയും ചെയ്യാം. അല്ലെങ്കില്‍ ഉപയോഗിക്കാതെ നശിപ്പിക്കാം. ഏതുവേണമെന്ന് തീരുമാനിക്കുന്നത് നമ്മള്‍ തന്നെയാണ്. നമ്മുടെ പ്രവര്‍ത്തനങ്ങളാണ്. നമ്മുടെ തലച്ചോറിനെയും ബുദ്ധിയേയും ഉപയോഗിക്കുന്നതിനും വളര്‍ത്തുന്നതിനുമുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്നാണ് വായന. അത് ആഴത്തിലുള്ള ചിന്തക്കും മനനത്തിനും അവസരമൊരുക്കുന്നു. നമ്മുടെ ബുദ്ധിയെ കൂടുതല്‍ കാര്യക്ഷമമാക്കുന്നു. നമ്മുടെ ലോകത്തെ കൂടുതല്‍ വിശാലമാക്കുന്നു. ജീവിതത്തെ കൂടുതല്‍ ആസ്വാദ്യമാക്കുന്നു. ജീവിതത്തെ ജീവിതമാക്കുന്നു, മനുഷ്യനെ മനുഷ്യനാക്കുന്നു.
വായനയുടെ ഈ പ്രാധാന്യം നമ്മള്‍ എല്ലാവരും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നുണ്ടോ ? പാഠപുസ്തകത്തിലുള്ളതും പരീക്ഷക്കുള്ളതുമല്ലാതെ മറ്റൊന്നും മക്കളെ വായിക്കാനനുവദിക്കാത്ത രക്ഷിതാക്കളുണ്ട്. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാലം അങ്ങനെയാണ്. എന്തിനും ഏതിനും മത്സരമാണ്. എന്താണ് പ്രയോജനം എന്നാണ് നമ്മള്‍ ആദ്യം ആലോചിക്കുന്നത്. ഉടനടി പ്രയോജനം കിട്ടുന്നതിലും ബാഹ്യമായ നേട്ടങ്ങളിലുമാണ് എല്ലാവരുടേയും കണ്ണ്. പ്രയോജനവാദമാണ് ഏറ്റവും വലിയ വാദം. 'അവനവനിസ'മാണ് ഏറ്റവും വലിയ 'ഇസം.' അങ്ങനെ അന്നന്ന് പ്രയോജനം തിരികെ ലഭിക്കുന്ന ഒന്നല്ലല്ലോ വായന.
പഠനകാലം തന്നെയാണ് വായനക്കുവേണ്ടി ഏറ്റവുമധികം ഉപയോഗപ്പെടുത്തേണ്ടത്. വലുതാകുമ്പോള്‍ ജോലിത്തിരക്കും കുടുംബകാര്യങ്ങളുമൊക്കെയായി കുറെ സമയം അങ്ങനെ പോകും. ജീവിതത്തിലേക്ക് നമ്മള്‍ കരുതിവെക്കുന്ന സ്ഥിര നിക്ഷേപമാണ് ചെറുപ്പത്തിലെ വായന. അതൊരു ദീര്‍ഘകാല നിക്ഷേപവുമാണ്. ജീവിതകാലം മുഴുവന്‍ അതിന്റെ പലിശ നമുക്ക് കിട്ടിക്കൊണ്ടിരിക്കും.
വായന പ്രധാനമാണ്. പക്ഷെ എന്താണ് വായിക്കേണ്ടത് ? നമ്മളോരോരുത്തരുടേയും പ്രായം, താത്പര്യം, പഠനമേഖല, തൊഴില്‍, ജീവിതലക്ഷ്യം മുതലായവക്കനുസരിച്ചാണ് വായനയും. വിഷയം ഏതായാലും വായനയിലേക്കുള്ള മികച്ച ചവിട്ടു പടികളാണ് പത്രങ്ങള്‍. പത്രപാരായണത്തിലൂടെ വായനയുടെ വിശാലമായ ലോകത്തേക്ക് പ്രവേശിക്കാം. ചെറുപ്പ കാലം മുതല്‍ തന്നെ ദിവസേന പത്രം വായിക്കുന്നത് ശീലമാകണം. വെറും അപകടങ്ങളും ചരമകോളവും കഥകളുമല്ല പത്രത്തില്‍ നിന്നും വായിക്കേണ്ടത് എന്നു മാത്രം. കഥകള്‍ക്കും കോലാഹലങ്ങള്‍ക്കുമപ്പുറം ധാരാളം പുതിയ വാര്‍ത്തകളും വിശകലനങ്ങളും നിത്യേന പത്രങ്ങളില്‍ വരുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്പെടുന്ന ധാരാളം സപ്ലിമെന്‍റുകളും മിക്ക പത്രങ്ങളും പ്രസിദ്ധീകരിക്കുന്നു. ഇവയെല്ലാം വായിക്കുയും സൂക്ഷിച്ചു വെക്കുകയും നോട്ടുകള്‍ കുറിച്ചെടുക്കുകയും ചെയ്യുന്നതു വളരെയധികം പ്രയോജനപ്രദമാണ്. പത്രത്തിന്റെ എഡിറ്റോറിയല്‍ പേജുകള്‍ വായിച്ചു ശീലമാകണം. ഹൈസ്കൂള്‍ ക്ലാസ്സുകളിലെത്തുമ്പോഴേക്കും ഏതെങ്കിലും ഒരു ഇംഗ്ലീഷ് പത്രമെങ്കിലും വായിച്ചു തുടങ്ങുക. ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇംഗ്ലീഷ് പത്രവായനപോലെ ഫലപ്രദമായ മറ്റൊരു മാര്‍ഗമില്ല.
പത്രങ്ങള്‍ക്കു പുറമെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഒട്ടേറെ ആനുകാലികങ്ങളും ജേണലുകളും പുസ്തകരൂപത്തിലും ഡിജിറ്റല്‍ രൂപത്തിലും ഇന്ന് ലഭ്യമാണ്. താല്പര്യം, പ്രായം മുതലായ കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് മുതിര്‍ന്നവരുടേയും രക്ഷിതാക്കളുടേയും സഹായത്തോടെ ഇവ തിരഞ്ഞെടുക്കുക. പ്രായത്തിനും വിഷയത്തിനുമനുസരിച്ച് ഇവ മാറ്റുകയും പുതിയവ തിരഞ്ഞെടുക്കുകയും വേണം. കുട്ടികളായിരിക്കുമ്പോള്‍ വായിച്ചിരുന്ന ബാലമാസികകള്‍ വലുതാവുമ്പോള്‍ വായിക്കേണ്ടതില്ലല്ലോ. ഇംഗ്ലീഷ് മുതലായ അന്യഭാഷകള്‍ പഠിച്ചു തുടങ്ങുമ്പോള്‍ ആ ഭാഷകളിലുള്ള മാസികകളും യഥേഷ്ടം തിരഞ്ഞെടുക്കണം.
പത്രങ്ങള്‍കും ആനുകാലികങ്ങള്‍ക്കും പുറമെ, വായനക്കുള്ള പ്രാധാന സാമഗ്രികളാണ് പുസ്തകങ്ങള്‍. അവരവരുടെ വിഷയത്തിനും താല്‍പര്യത്തിനുമനുസരിച്ച് ആഴത്തിലും വിപുലവുമായ അറിവ് നേടുന്നതിന് പാഠപുസ്തകങ്ങളും ഗൈഡുകളും മാത്രം പോരാ. അതതു മേഖലകളില്‍ അധികവായക്കുള്ള പുസ്തകങ്ങള്‍ അധ്യാപകരോടും മുതിര്‍ന്നവോടും ചോദിച്ച് കണ്ടെത്തി വായിക്കുക. വായിച്ച പ്രധാന കാര്യങ്ങള്‍ കുറിച്ചു വെക്കുക. കമ്പ്യൂട്ടറില്‍ ടൈപ്പുചെയ്യാന്‍ വശമായാല്‍ പിന്നെ, സൗകര്യമുണ്ടങ്കില്‍, ഡിജിറ്റലായിത്തന്നെ രേഖപ്പെടുത്തിവെക്കുക. കൂടുതര്‍കാലം സൂക്ഷിക്കുന്നതിന് സഹായകമാകും. 'ഗൂഗിള്‍ ഡോക്യുമെന്റ്സ് 'പോലെ രേഖകള്‍ ശേഖരിച്ച് ഓണ്‍ലൈനായി സൂക്ഷിച്ച് വെക്കാനുള്ള സൗകര്യങ്ങളും ഉണ്ട്. വിഷയസംബന്ധമായ പുസ്തകങ്ങള്‍ക്കു പുറമെ മികച്ച കഥ, കവിത, നോവലുകള്‍, ജീവചരിത്രങ്ങള്‍, അനുഭവങ്ങള്‍, യാത്രാവിവരണങ്ങള്‍ മുതലായവ കൂടി വായിക്കാന്‍ കഴിഞ്ഞാല്‍ നമ്മള്‍ നല്ല വായനക്കാരായിക്കഴിഞ്ഞു. വായന ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്തായി അപ്പോള്‍ അനുഭവപ്പെട്ടുതുടങ്ങും. ഏതു തൊഴിലില്‍ ഏര്‍പ്പെടുന്നവരാകട്ടെ, ഏതുമേഖയില്‍ ജീവിക്കുന്നവരാകട്ടെ, വായനയുടെ ഗുണം നിങ്ങളുടെ പ്രവര്‍ത്തനമേഖലയില്‍ പ്രതിഫലിക്കും.
ഈ ലോകത്തുള്ള എല്ലാം കാര്യങ്ങളും എന്നും നമുക്ക് വായിച്ചുകൊണ്ടിരിക്കുവാന്‍ സാധ്യമല്ല. അതിന്റെ ആവശ്യവുമില്ല. അതുകൊണ്ട്, എന്തു വായിക്കണം എന്ന് അറിയലും രിരഞ്ഞെടുക്കലും വളരെ പ്രധാനമാണ്. ഓരോ പ്രായത്തിലും വായിക്കേണ്ടതെന്തെന്ന് തിരഞ്ഞെടുക്കാന്‍ രക്ഷിതാക്കളുടേയും മുതിര്‍ന്നവരുടേയും അധ്യാപകരുടെയും സഹായം തേടുന്നതാണ് നല്ലത്. ഓരോ മനുഷ്യരും വ്യത്യസ്തരാണ്. ആ വ്യത്യാസം വായനയിലും ഉണ്ടാകും. ഉണ്ടാകണം.
ഈ ഭൂമുഖത്ത് മനുഷ്യരായി പിറന്നു വീഴുന്ന നമ്മള്‍ ജീവിതകാലയളവിനിടയില്‍ എന്തെല്ലാം പ്രവൃത്തികളിലേര്‍പ്പെടുന്നു. വിദ്യാഭ്യാസം മുതല്‍ വിപ്ലവം വരെ. ധ്യാനം മുതല്‍ യുദ്ധം വരെ. മനുഷ്യവ്യവഹാരമേഖലകള്‍ അത്ഭുതപ്പെടുത്തുന്ന രീതിയില്‍ വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. പക്ഷെ, ഓര്‍ത്തിരിക്കേണ്ട ഒന്നുണ്ട്. എന്തു ചെയ്യുകയാണെങ്കിലും അത് ജീവിതത്തിനുവേണ്ടിയുള്ളതാകണം. ജീവിതമാണ്, അവിടെ നമ്മള്‍ എന്തു ചെയ്യുന്നു എന്നതാണ്, അതുമാത്രമാണ് അവസാന കണക്കെടുപ്പില്‍ ബാക്കിയുണ്ടാവുക. വായനയായാലും അത് ജീവിതത്തിന് പ്രയോജനകരമാകണം. ജീവിതത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കാണം. അതിന് കഴിയുന്ന രീതിയില്‍ എല്ലാദിവസവും വായനാദിനങ്ങളാക്കുക.
No comments:
Post a Comment