Wednesday, 1 April 2020

കൊറോണക്കാലത്തെ ഡിജിറ്റല്‍ ബുക്ക്


              കൊറോണ കാരണം അപ്രതീക്ഷിത അവധിക്കാലം എത്തിയപ്പോൾ പുറത്തിറങ്ങാനും സംഘം ചേർന്നു കളിക്കാനും സാധിക്കാതെ എല്ലാ കുട്ടികളെയും പോലെ ചെറിയക്കര ഗവ.എൽ പി സ്കൂളിലെ കുട്ടികൾക്കും  വലിയ സങ്കടമായിരുന്നു.
എന്നാൽ കഴിഞ്ഞ രണ്ടാഴ്ചക്കാലം സമയം പോയത് അവർ അറിഞ്ഞതേയില്ല..
10 ദിവസം മുന്നെയാണ് കൊറോണക്കാലത്തെ കുസൃതികൾ എന്ന പേരിൽ മുഴുവൻ കുട്ടികളുടെയും രചനകൾ ഉൾപ്പെടുത്തി ഒരു ഡിജിറ്റൽ പുസ്തകം പ്രസിദ്ധീകരിക്കുന്നു എന്ന നിർദ്ദേശം അധ്യാപകർ രക്ഷിതാക്കളിലേക്കെത്തിച്ചത്.സ്കൂൾ വാട്സ് ആപ് ഗ്രൂപ്പ് മുഖേനെ കൃത്യമായ നിർദ്ദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.
അവധിക്കാലത്ത് ഏർപ്പെടാൻ കഴിയുന്ന കുട്ടിത്തത്തെ പരിഗണിക്കുന്ന പ്രവർത്തനങ്ങൾ സ്കൂൾ മുന്നോട്ടുവെച്ചു. കുട്ടികൾ പ്രവർത്തനത്തിൽ ഏർപ്പെടുന്ന വീഡിയോ രക്ഷിതാക്കൾ മൊബൈലിൽ പകർത്തി വെക്കും. കൂടാതെ ആ പ്രവർത്തനത്തെ കുറിച്ച് കട്ടികൾ ഒരു രചനയും തയ്യാറാക്കും.ഇത് രണ്ടും വിദ്യാലയത്തിന് അയച്ചു കൊടുക്കും. സമാന്തരമായി നിത്യേനെ വിദ്യാലയ ടീം വീഡിയോ അപ് ലോഡ് ചെയ്ത് QR കോഡ് ജനറേറ്റ് ചെയ്തു. രചനകൾ ടൈപ്പ് ചെയ്ത് ലേഔട്ട് ചെയ്ത്  കുട്ടികളുടെ സ്വാഭാവിക ഫോട്ടോയും QR കോഡും ഉൾപ്പെടുത്തി ഡിജിറ്റൽ രചനാ പുസ്തകം തയ്യാറാക്കിയിരിക്കുകയാണ് വിദ്യാലയം.
ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് പോയ കാലത്തെ നാടൻ കളികളും നാട്ടുകാഴ്ചകളും തിരിച്ചു കിട്ടിയെന്ന് പ്രധാനാധ്യാപിക ശീമതി വി.എം പുഷ്പവല്ലി സാക്ഷ്യപ്പെടുത്തുന്നു.
കളിവീട് കെട്ടിയും, പട്ടം പറത്തിയും, അപ്പൂപ്പൻ താടിക്കൊപ്പം പറന്നും കുട്ടികൾ കളിച്ചപ്പോൾ രക്ഷിതാക്കൾ  എല്ലാ പിന്തുണയും അവർക്ക് നൽകി. എഴുത്ത് പഠിച്ചിട്ടില്ലാത്ത പ്രീ പ്രൈമറി കുട്ടികളുടെ കഥ, പാട്ട് അവതരണമെല്ലാം ഡിജിറ്റൽ പുസ്തകത്തിലെ QR കോഡ് സ്കാൻ ചെയ്യുന്നതോടെ വീഡിയോ രൂപത്തിൽ മൊബൈലിൽ കാണാം.
ചെറിയാക്കരയിലെ അധ്യാപകനായ മഹഷ് കുമാർ തന്നെയാണ് പുസ്തകം ലേഔട്ട് ചെയ്തിരിക്കുന്നത്. പാഠപുസ്തകങ്ങൾക്ക് ചിത്രം വരക്കുന്ന പ്രശസ്ത ചിത്രകാരൻ ശ്രീ എൻ.ടി രാജീവാണ് കവർ  ഡിസൈൻ ചെയ്തിരിക്കുന്നത്. ഡിജിറ്റൽ വിപ്ലവത്തിലൂടെ രാജ്യത്ത് തന്നെ ശ്രദ്ധ നേടിയ തൊടുപുഴ കാപ്പ് എൻ എസ് എസ് സ്കൂളിലെ പ്രധാനാധ്യാപകൻ വിധു പി നായരാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.

രണ്ട് വർഷം മുന്നെ കുട്ടികളുടെ എണ്ണക്കുറവ് കൊണ്ട് പത്രങ്ങളിൽ ഇടം പിടിച്ച വിദ്യാലയം ഇന്ന് പരിമിതികളെ മറികടന്ന് മികവിലേക്ക് കുതിക്കുകയാണ്. പ്രീ പ്രൈമറി യിലും ഒന്നാം ക്ലാസിലേക്കുമായി മാർച്ച് 10ന് നടന്ന പഠനോത്സവത്തിൽ തന്നെ 25 ലധികം കുട്ടികൾ വിദ്യാലയത്തിലേക്ക് പ്രവേശനം നേടുകയും ചെയ്തു.
ഏപ്രിൽ 5 ന് വൈകുന്നേരം 5 മണിക്ക് ഫെയ്സ് ബുക്ക് ലൈവിലൂടെ കുട്ടികൾ തന്നെ പുസ്തകം റിലീസ് ചെയ്യും.വിവിധ സൈറ്റുകളിൽ അപ് ലോഡ് ചെയ്യുന്ന പുസ്തകം എല്ലാവർക്കും ഓൺലൈനിൽ വായിക്കാനുള്ള അവസരം വിദ്യാലയം ഒരുക്കുന്നുണ്ട്. മഞ്ജുള എൻ, സതീശൻ എം.പി, മഹേഷ് കുമാർ എം, രേഷ്മ കെ എന്നിവർ പുസ്തകം ഒരുക്കുന്നതിന് നേതൃത്വം നൽകി.





No comments:

Post a Comment