Tuesday, 18 April 2023

ഹാപ്പിസ്‌കൂളും സാമൂഹ്യപങ്കാളിത്തവും





 ഹാപ്പിസ്‌കൂളും സാമൂഹ്യപങ്കാളിത്തവും

കാസര്‍ഗോഡ് ജില്ലയിലെ കയ്യൂര്‍ചീമേനി ഗ്രാമപഞ്ചായത്തിലെ ചെറിയാക്കര ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍ ഇന്ന് ജില്ലയുടെ തന്നെ അഭിമാനമായ ഒരു പൊതുവിദ്യാലയമാണ.് 

2022-23 വര്‍ഷത്തില്‍ നൂറിനടുത്ത് കുട്ടികള്‍, ഹൈടെക് ഇരുനില വിദ്യാലയ കെട്ടിടം,ശിശു സൗഹൃദമായ വിദ്യാലയ ക്യാമ്പസ്,സ്വന്തമായി സ്‌കൂള്‍ വാഹനം, മികച്ച അക്കാദമിക നിലവാരം, വിവിധ മേളകളിലെ കൃത്യമായ അടയാളപ്പെടുത്തലുകള്‍...എല്ലാറ്റിലുമുപരി സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും പഠനം തുടരുന്ന കുരുന്നുകള്‍.. ഇതൊക്കെ ഇന്നത്തെ ചെറിയാ ക്കരയുടെ സവിശേഷതകള്‍ ആണെങ്കില്‍,അഞ്ചു വര്‍ഷങ്ങള്‍ക്കപ്പുറം ഇങ്ങനെയൊരു വിദ്യാലയമല്ലായിരുന്നു ചെറിയാക്കര. 

2016 ല്‍ ഒന്നാം ക്ലാസില്‍ അര്‍ച്ചന എന്ന ഒരു കുട്ടിയുടെ മാത്രം പ്രവേശനം, വിദ്യാലയത്തില്‍ ആകെ 13 കുട്ടികള്‍,ഒട്ടും ആകര്‍ഷകമല്ലാത്ത വിദ്യാലയ കെട്ടിടവും ശിശു സൗഹൃദമല്ലാത്ത വിദ്യാലയ ക്യാമ്പസും, ഓട്ടുറുമയുടെ (മുപ്ലിവണ്ടിന്റെ) ആക്രമണമുള്ള വിദ്യാലയം, ചെങ്കുത്തായ ഇറക്കവും വിജനമായ പ്രദേശങ്ങളും അടക്കം ഭൂമിശാസ്ത്രപരമായ വെല്ലുവിളികള്‍, വിദ്യാലയത്തില്‍ കാര്യമായ സമൂഹശ്രദ്ധ പതിയായ്ക ,ഒരുപക്ഷേ ഒന്നാം ക്ലാസില്‍ ഒരു കുട്ടി മാത്രം പ്രവേശനം തേടിയത് വെച്ചുനോക്കുമ്പോള്‍ വരുംവര്‍ഷങ്ങളില്‍ ആരും തന്നെ പഠിക്കാന്‍ എത്താതെ വരുന്ന ഭീതിദമായ സാഹചര്യം.... ഇവയെല്ലാം അഭിമുഖീകരിച്ച ഒരു കാലം ചെറിയാക്കരയ്ക്ക് ഉണ്ടായിരുന്നു.

2018 ല്‍ കേവലം 13 കുട്ടികളും കുറെയധികം പരിമിതികളും മാത്രം ഉണ്ടായിരുന്ന വിദ്യാലയം അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം എങ്ങനെയാണ് മികച്ച പൊതു വിദ്യാലയമായി പരിവര്‍ത്തനം ചെയ്യപ്പെട്ടത്? എന്താണ് അതിന്റെ പ്രക്രിയ? അതില്‍നിന്നും കേരളത്തിലെ പൊതു വിദ്യാലയങ്ങള്‍ക്ക് അറിയാനും പഠിക്കാനും പകര്‍ത്താനും എന്തൊക്കെ കാര്യങ്ങളുണ്ട്? പങ്കുവെക്കേണ്ട മേഖലകള്‍, ഇടപെടല്‍ രീതികള്‍...ഇതൊക്കെ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഈയൊരു പ്രബന്ധാ വതരണത്തില്‍ എനിക്ക് അവസരം കിട്ടിയത് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

ചെറിയാക്കരയുടെ നാള്‍വഴികള്‍ സംക്ഷിപ്തമായി ഇങ്ങനെ പറയാം

2016 ല്‍ ഒന്നാം ക്ലാസ്സില്‍ ഒരു കുട്ടി മാത്രം പ്രവേശനം നേടിയ അധ്യയന കാലത്ത് സ്‌കൂളില്‍ ഒന്ന് മുതല്‍ നാല് വരെ ആകെ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം പതിനാറിലേക്ക് ചുരുങ്ങി. തുടര്‍ന്നുള്ള രണ്ട് വര്‍ഷങ്ങളില്‍ അതേ എണ്ണം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2018 ലേക്ക് എത്തിയപ്പോള്‍ ആകെ വിദ്യാര്‍ത്ഥികളുടെ എണ്ണം പതിമൂന്നായി ചുരുങ്ങി. ശാസ്ത്രീയമായ സര്‍വേ പ്രകാരം ചെറിയാക്കര എല്‍.പി സ്‌കൂളില്‍ ചുരുങ്ങിയത് 50 ഓളം വിദ്യാര്‍ത്ഥികള്‍ എന്റോള്‍ ചെയ്യപ്പെടണമായിരുന്നു. എന്നാല്‍ കുട്ടികളുടെ എണ്ണം കേവലം പതിമൂന്നില്‍ ഒതുങ്ങി പോയി എന്നതാണ് സങ്കടകരമായ സത്യം.

വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞു തുടങ്ങുമ്പോള്‍ വിദ്യാലയത്തിന് താഴു വീഴുക എന്ന  ഭീഷണിക്കുമപ്പുറം അവിടെയെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാലയാന്തരീക്ഷത്തില്‍ നിന്ന് ലഭിക്കേണ്ട കുറേയേറെ മാനസിക ഉല്ലാസങ്ങളും, സംഘ പ്രവര്‍ത്തനം കൊണ്ടു ണ്ടാകേണ്ട കഴിവുകളും, ഭാഷപരമായ വികാസങ്ങ ളും,സാമൂഹികമായ ഇടപ്പെടലുകളുടെ സൂക്ഷ്മതലത്തിലുള്ള അനുഭവങ്ങളും മറ്റും യഥോചിതം ലഭിക്കാതെയാവും എന്നതും പ്രധാനമാണ്. ഒന്നാം ക്ലാസില്‍ അര്‍ച്ചന ഒരു വര്‍ഷം തനിച്ചിരിക്കേണ്ടിവന്നപ്പോള്‍ അവള്‍ക്കവകാശപ്പെട്ട വൈകാ രിക പിന്തുണയും സമപ്രായക്കാരോടൊത്ത് ഇടപെടുമ്പോള്‍ മാത്രം ലഭിക്കുമായിരുന്ന ഭാഷാ വികാസവും നഷ്ടപ്പെ ടുത്തിയതിന് പൊതുവിദ്യാലയ സംവിധാനം എന്തു സമാധാനം പറയും?  സര്‍ഗാത്മകതയുടെ പ്രഥമ പാഠങ്ങള്‍ ഉരുക്കഴിക്കാന്‍ നിയോഗിക്കപ്പെടുന്ന വിദ്യാലയങ്ങള്‍ക്ക് കുട്ടികളില്ലായ്മ ഒരു ഭീഷണിയും കളങ്കവും തന്നെയല്ലെ?

അര്‍ച്ചന എന്ന കുട്ടി മാത്രം  പ്രവേശനം നേടിയ 2016 ഓടുകൂടി, ആ കൊച്ചു ഗ്രാമം എല്ലാ അര്‍ത്ഥത്തിലും തലകുനിച്ചു. ഇനിയങ്ങോട്ട് എന്തു ചെയ്യണമെന്നോ എങ്ങോട്ട് പോകണമെന്നോ നിശ്ചയമില്ലാതെ ആ സാദാ നാട്ടിന്‍പുറത്തുകാര്‍ സ്തബ്ദരായി നോക്കി നിന്നു. ഒരു വിദ്യാലയം പൂട്ടിപ്പോവുക എന്നത് ഒരു നാട് എല്ലാ തലത്തിലും അന്ധകാരത്തിലേക്കാണ് പോയിക്കൊണ്ടി രിക്കുന്നത് എന്നതിന്റെ ഏറ്റവും മികച്ച ദൃഷ്ടാന്തമാണ് എന്ന തിരിച്ചറിവ് ആ നാട്ടിലെ ഓരോരുത്തരുടെയും ഉറക്കം കെടുത്തി.

2018 ല്‍ മാറ്റത്തിന്റെ കാറ്റ് വീശി ത്തുടങ്ങുകയായിരുന്നു.ചരിത്രം വഴി മാറി സഞ്ചരിക്കാന്‍ തുടങ്ങുകയായിരുന്നു. ചെറിയാക്കര സ്‌കൂളില്‍ ട്രാന്‍സ്ഫര്‍ വാങ്ങി  എത്തിച്ചേര്‍ന്ന അധ്യാപകരോടൊപ്പം ആ നാടും കൈ കോര്‍ത്ത് വിദ്യാലയ സംരക്ഷണത്തിന്  തുനിഞ്ഞിറ ങ്ങുകയായിരുന്നു.

അടിയന്തിരമായി ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളുടെ പട്ടിക തയ്യാറാക്കാനും അതിന് ആവശ്യമായ സമ്പത്തും വിഭവങ്ങളും ശേഖരിക്കാന്‍ തയ്യാറായി കൊണ്ട് ഒരര്‍ത്ഥത്തില്‍ അവരോരുത്തരും സ്വയം മുന്നോട്ടു വരികയായിരുന്നു. ആദ്യ വിഭവ സമാഹരണത്തിന് അധ്യാപകര്‍ സന്നദ്ധരായപ്പോള്‍ 2018 നവ.1 ന് ചേര്‍ന്ന ആദ്യ വിദ്യാലയ വികസന സമിതി യോഗത്തില്‍ തന്നെ 85000 രൂപ സമാഹരിക്കാനായി. അടിയന്തിരമായി ചെയ്തു തീര്‍ക്കേണ്ട ആവശ്യങ്ങളുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ അതില്‍ ഒന്നാം സ്ഥാനത്ത് എഴുതി വെച്ചത് സ്‌കൂളില്‍ ഒരു പാര്‍ക്ക് വേണം എന്നതായിരുന്നു. ശോചനീയാവസ്ഥയിലുള്ള സ്‌കൂള്‍ കെട്ടിടവും ചുറ്റുപാടുകളും, ദരിദ്രാവസ്ഥയില്‍ തുടരുന്ന ക്ലാസ്സ് മുറികളും പഠനോപകരണങ്ങളും,അതിന് പുറമെ ക്ലാസ്സ്മുറികളില്‍ നിരന്തര ഭീഷണിയായി തുടരുന്ന ഒട്ടുറുമ ഇങ്ങനെ ഏതെടുത്തു നോക്കിയാലും പരിഹരിക്കാന്‍ ഏറെ വിഷയങ്ങള്‍ പ്രഥമ സ്ഥാനത്തു നില്‍ക്കുന്ന ഒരു സ്‌കൂള്‍ പക്ഷെ,മുന്നോട്ട് വെച്ചത് ഒരു പാര്‍ക്ക് വേണം എന്ന ആവശ്യമാണ് എന്നത് വിരോധാഭാസമായി പലര്‍ക്കും അനുഭവപ്പെട്ടു .

സ്‌കൂളിലെ കുട്ടികള്‍,വിശിഷ്യാ എല്‍.പി തലത്തിലുള്ള കുട്ടികള്‍,അത് ഒന്നായാലും പത്തായാലും ഒരായിരമായാലും സ്‌കൂള്‍ ഇടങ്ങളിലും മറ്റും സന്തോഷമായിരുന്നാല്‍ മാത്രമേ അവര്‍ പിറ്റേന്നും സ്വമനസ്സാലെ,ഇഷ്ടത്തോടെ വിദ്യാലയങ്ങളിലേക്ക് വരിക യുള്ളു എന്ന ഏറ്റവും ലളിതമായ ചിന്തയുടെ ഫലശ്രുതി യാണത്.ഇവിടെ,ചെറിയാക്കരയില്‍ കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍,രണ്ടോ മൂന്നോ വിദ്യാര്‍ ത്ഥികള്‍ മാത്രമിരിക്കുന്ന ക്ലാസ് മുറികള്‍  തുറന്ന ജയിലറക ളായി ആ ഇളം മനസ്സുകള്‍ക്ക് അനുഭ വപ്പെടാന്‍ ഏറെ കാലമൊന്നും വേണ്ടി വരില്ലെന്ന തിരിച്ചറിവിലാണ്,അധ്യാ പകര്‍,നാട്ടുകാര്‍ക്ക് മുമ്പാകെ പട്ടിക തയ്യാറാക്കിയ പ്പോള്‍,അടിയന്തിരമായി കുട്ടികള്‍ക്ക് കളിക്കാന്‍ പാര്‍ക്ക് വേണമെന്ന ആവശ്യം ഒന്നാം സ്ഥാനത്തു എഴുതി വെച്ചത്. സന്തോഷകരമായ ശിശുസൗഹൃദാന്തരീക്ഷത്തില്‍ ആത്മവിശ്വാസത്തോടെയാകണം കുട്ടികള്‍ വളരേണ്ടത്.ഹാപ്പി സ്‌കൂള്‍ ആശയം വിദ്യാലയങ്ങളെ സംബന്ധിച്ച് അന്വര്‍ത്ഥമാണ്.

പിന്നീടങ്ങോട്ട് കുറച്ചധികം സമയം സ്‌കൂളില്‍ ചെലവഴിക്കാന്‍ സാധിക്കുന്ന അമ്മമാരെ ഉള്‍പ്പെടുത്തി മദേര്‍സ് ഫോറം രൂപീകരിച്ചു.പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഉണ്ടാക്കി. ഓരോരുത്തരും അവരുടെ തൊഴിലിനനുസരിച്ചുള്ള സേവനം നല്‍കുക എന്ന ആശയം ഉള്‍കൊള്ളുന്ന 'എന്റെ അധ്വാനം എന്റെ സ്‌കൂളിന് 'എന്ന പദ്ധതി ആവിഷ്‌കരിച്ചു. നാട്ടിലെ എല്ലാ വിഭാഗത്തിലുമുള്ള മുഴുവന്‍ പേരെയും സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങളിലും വിഭവസമാഹരണത്തിലും പങ്കാളികളാക്കുക എന്ന നൂതന ആശയത്തിന്ന് ശില പാകുകയായിരുന്നു. ഇത്തരം കമ്മിറ്റി കളിലൂടെ തന്റെ കുട്ടിയുടെ മാത്രമല്ല തങ്ങളുടെ സ്‌കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ ഓരോരുത്തര്‍ക്കും കടമയും അവകാശവും അവസരവും സൃഷ്ടിക്കപ്പെട്ടു.

മാറ്റത്തിന്റെ അടയാളങ്ങള്‍ കൃത്യമായി വരച്ചിട്ട,പരാധീനതകളെ നൂതനാശയങ്ങള്‍ കൊണ്ടും ഇച്ഛാ ശക്തിയും കൊണ്ട്,കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും മറിക ടന്നു ചരിത്രമെഴുതിയ വിദ്യാലയങ്ങളുടെ സഞ്ചാരപഥങ്ങളെ കുറിച്ചുള്ള അന്വേഷണമായിരുന്നു പിന്നീട്.അത്തരത്തില്‍,കേ രളത്തില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ പ്രവര്‍ത്തന ശൈലി നേരിട്ടറിയുക എന്ന ഉദ്ദേശ്യത്തോടെ പി ടി എ ഭാരവാഹികളും അധ്യാപകരുമടങ്ങുന്ന ഒരു ചെറു സംഘം ചുരുങ്ങിയ കാലം കൊണ്ട് എട്ടോളം സ്‌കൂളുകള്‍ സന്ദര്‍ശിക്കുകയുണ്ടായി.അത്തരം യാത്രകളില്‍ നിന്ന് ലഭിച്ച അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ,സമഗ്രമായ ഒരു പ്രവര്‍ത്തന രീതിക്ക് രൂപം നല്‍കുകയും അത് ത്വരിത ഗതിയില്‍ ചെയ്തു തീര്‍ക്കാനുള്ള വഴികള്‍ കണ്ടെ ത്തുകയുമായിരുന്നു അടുത്ത ഘട്ടം. യാത്രകളും,പഠനങ്ങളും പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുന്ന പദ്ധതികളും, കമ്മിറ്റികളും,രാവേറെ നീളുന്ന മീറ്റിങ്ങുകളും ചര്‍ച്ചകളും ഒന്നുമൊന്നും വെറുതെയായില്ല. മാറ്റത്തിന്റെ തുടക്കത്തിന്ന് പോലുമുണ്ടായിരുന്നു വജ്രത്തിളക്കം.ആദ്യത്തെ 25 ദിനം കൊണ്ടുതന്നെ വിദ്യാലയത്തിന്റെ മുഖച്ഛായ മാറി.പിന്നീട് 75 ദിവസം കൊണ്ട് പൂര്‍ത്തിയാക്കേണ്ടുന്ന കര്‍മപദ്ധതികള്‍ ആവിഷ്‌ക്കരിച്ച് മുന്നേറി.

പഠനനിലവാരം മെച്ചപ്പെട്ടതിന്റെ ദൃഢമാ യ തെളിവുകള്‍ ഉയര്‍ത്തിക്കാട്ടി,ബഹുജന സമക്ഷത്തിങ്കല്‍ പുത്തന്‍ പദ്ധതികള്‍ അവതരിപ്പിച്ചപ്പോള്‍,ആവിഷ്‌ക്കാര സാധ്യതകളിലേക്ക് കേവലമായ ദിവസങ്ങള്‍ കൊണ്ട് ചെറിയാക്കര സംഭരിച്ചു നല്‍കിയത്,പതിനാലര ലക്ഷം രൂപയാണ്.അന്നന്നത്തെ അന്നത്തിന്ന് രാവന്തിയോളം വെട്ടി വിയര്‍ക്കുന്ന മലയോര ദേശത്തെ നാട്ടുകാര്‍ കൈ കോര്‍ത്തപ്പോള്‍ കരഗതമായ കാലുറുപ്പികയില്‍ പോലും കാണും,വറ്റാത്ത ചൈതന്യം. ലഭ്യമായ വിഭവങ്ങള്‍ കൊണ്ട് പരിമിതികളെയെല്ലാം ഒന്നൊന്നായി തരണം ചെയ്ത്  എഴുപത്തിയഞ്ച് ദിനങ്ങള്‍ കൊണ്ട് ചെറിയാക്കര വിദ്യാലയത്തിന്റെ അമ്പത് സെന്റ് ഇടവും ശിശു സൗഹൃദമാക്കാന്‍ നമുക്ക് സാധിച്ചു.

ചെറിയാക്കര സ്‌കൂളിലെ ഓരോ കുഞ്ഞും തന്റേതു കൂടിയാവുന്ന മനോഹരമായൊരു മാജിക് ഇവിടുത്തെ ഓരോ അമ്മമാര്‍ക്കും വരദാനമായി കൈ വന്നിട്ടുണ്ട് എന്ന് തോന്നുന്നു. ലേണ്‍ ആന്‍ഡ് ഏണ്‍ പദ്ധതിയിലൂടെ കുട സോപ്പ് നിര്‍മാണ വൈദഗ്ധ്യം സ്വായത്തമാക്കിയ അമ്മമാര്‍,അവര്‍ നിര്‍മിച്ച കുടയും സോപ്പും വിറ്റു കിട്ടുന്ന തുക സ്‌കൂളിന്റെ ആവശ്യങ്ങളിലേക്ക് നല്‍കിയിരുന്നു. മദേഴ്‌സ് ഫോറത്തിന്റെ പ്രവര്‍ത്തനം ഇത് വെളിവാക്കുന്നുണ്ട്. ഓരോ കുഞ്ഞിന്റെയും പിറന്നാളിന് പ്രത്യേക പിറന്നാള്‍ പോസ്റ്ററും വീഡിയോയും തയ്യാറാക്കി വിദ്യാലയമാണ് ആഘോഷിക്കുക. കഴിഞ്ഞ 3 വര്‍ഷമായി പ്രഭാതഭക്ഷണ സംവിധാനമുള്ള വിദ്യാലയത്തില്‍ പിറന്നാള്‍ ദിവസം കുട്ടികള്‍ക്ക് സവിശേഷമായ ഒരു വിരുന്നു കൂടിയുണ്ടാകും. മദേഴ്‌സ് ഫോറത്തിലെ അമ്മമാര്‍ തന്നെയാണ് ഇവിടുത്തെ കുഞ്ഞുങ്ങള്‍ക്കുള്ള പ്രഭാത ഭക്ഷണം ഒരുക്കുന്നത്. പായസമടക്കമുള്ള പ്രതിവാര സദ്യയും വിദ്യാലയത്തിന്റെ ഉച്ചഭക്ഷണമെനുവിന്റെ ഭാഗമായിരുന്നു.

2018 ഡിസമ്പറില്‍ 'സെക്കന്റ് ബെല്‍'എന്ന പേരില്‍ സംഘടിപ്പിച്ച പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ ചെറിയാക്കരയില്‍ ഹരിശ്രീ കുറിച്ച മുന്നൂറ്റി അമ്പതോളം പേര്‍ പങ്കെടുക്കുകയുണ്ടായി. കാണാനും അറിയാനും അവര്‍ക്കേറെ ഉണ്ടായിരുന്നു.മാറ്റങ്ങള്‍ക്ക് കരുത്തു പകരാന്‍ അവരൊറ്റ ക്കെട്ടായി തീരുമാനമെടുത്തപ്പോള്‍,സ്‌കൂളിന്റെ മുറ്റത്ത് പൂര്‍വ വിദ്യാര്‍ത്ഥികളുടെ വക ഒരു സ്‌കൂള്‍ വാഹനം എന്ന സ്വപ്നവും സഫലമായി. ആദ്യകാലത്ത് ഡ്രൈവര്‍ക്ക് നല്‍കാന്‍ ഫണ്ട് ഇല്ലാതിരുന്നപ്പോള്‍ അധ്യാപകര്‍ തന്നെ സ്‌കൂള്‍ വാഹനം ഓടിക്കുകയായിരുന്നു.

കുട്ടികളുടെ എണ്ണം 13 ഉള്ളപ്പോള്‍ തന്നെ 2018 ല്‍ ഞങ്ങള്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം കൂടെ അവതരിപ്പിച്ചു. പച്ച, വെള്ള ഖാദി യൂണിഫോമില്‍ കുട്ടികള്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ കളികളിലും മറ്റെല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കാളികളായി.

2018-19, 2019 - 20 വര്‍ഷങ്ങളില്‍ സ്‌കൂള്‍ സംഘടിപ്പിച്ച സായാഹ്ന പഠനോത്സവം സംസ്ഥാന ത്തിനകത്തെ വാര്‍ത്തയായിരുന്നു. നാന്നൂറിലധികം രക്ഷിതാ ക്കള്‍ പങ്കെടുത്ത ആദ്യ പഠനോത്സവത്തിലെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് സമഗ്ര ശിക്ഷാ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ഡോ.പി.പ്രമോദ് ആയിരുന്നു.

ഭയരഹിതമായി ഇംഗ്ലീഷ് പഠിക്കാന്‍ അലക്‌സ മാനിക്വിന്‍, ട്രാഫിക് നിയമങ്ങള്‍  കുട്ടികള്‍ക്ക്  ലളിതമായി ഹൃദിസ്ഥമാക്കാന്‍ സീബ്രാ ലൈനുകള്‍ അടക്കം ഒരുക്കി ഇന്റര്‍ലോക്ക് റോഡ് പണിത് യഥാതഥമായ റോഡ് സംവിധാനങ്ങളെ അനുസ്മരിപ്പിക്കുന്ന പശ്ചാത്തലമൊരുക്കി ക്കൊണ്ട് തയ്യാറാക്കിയ ട്രാഫിക് ലേര്‍ണിങ് സിസ്റ്റം,ചെറുജലാശയം ഉള്‍പ്പെടെയുള്ള ജൈവവൈവിധ്യ ഉദ്യാനം, ജൈവപ്പന്തലും മികച്ച പൂന്തോട്ടവും,  ഋഥഋ ( ഇംഗ്ലിഷ് പഠനത്തിനായി ഋിൃശരവ ്യീൗൃ  ഋിഴഹശവെ പദ്ധതി), ജൈവ പച്ചക്കറി കൃഷി, മാതൃഭാഷാ പഠന പ്രശ്‌നം പരിഹരിക്കാനുള്ള ഒപ്പം പഠന പദ്ധതി.. എന്നിവയെല്ലാം വിദ്യാലയ തനത് സംവിധാനങ്ങളും പദ്ധതികളുമായിരുന്നു.

അക്കാദമിക മുന്നേറ്റം കൃത്യമായി അടയാളപ്പെടുത്തിയാണ് ഈ കാലഘട്ടങ്ങളില്‍ വിദ്യാലയം മുന്നോട്ടു കുതിച്ചത് . 2019 ല്‍ നാലാം ക്ലാസ്സില്‍ ആകെ ഉണ്ടായിരുന്ന മൂന്നു കുട്ടികളില്‍ മൂന്ന് പേരും എല്‍.എസ്.എസ് പരീക്ഷ എഴുതിയപ്പോള്‍ രണ്ടു പേര്‍ എല്‍.എസ്.എസ് നേടുകയുണ്ടായി. 2020ല്‍ ആകെയുള്ള ഒമ്പത് പേര്‍ എല്‍.എസ്.എസ് പരീക്ഷ എഴുതിയപ്പോള്‍ എട്ടു പേരും വിജയിച്ചു. 2021 ല്‍ ആകെയുള്ള ആറ് പേര്‍ പരീക്ഷ എഴുതിയപ്പോള്‍ മൂന്നു പേര്‍ എല്‍.എസ്.എസ് നേടി. സംസ്ഥാനതലത്തില്‍  എല്‍.എസ്.എസ് വിജയ ശതമാനം കേവലം പത്തോ പതിനഞ്ചോ മാത്രമുള്ളപ്പോള്‍ ചെറിയാക്കര വിദ്യാലയത്തിന്റെ വിജയശതമാനം അമ്പത് മുതല്‍ തൊണ്ണൂറ് ശതമാനം വരെയായി ഗ്രാഫ് ഉയര്‍ന്നു നിന്നു. മിക്ക സ്‌കൂളുകളിലും സ്‌ക്രീനിംഗിലൂടെ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം അളന്നതിന് ശേഷം മാത്രം എല്‍.എസ്.എസ് ന് സജ്ജമാ ക്കുമ്പോള്‍, ചെറിയാക്കര നാലാം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പൊതുപരീക്ഷ എഴുതാന്‍ പ്രാപ്തരാ ക്കുന്നു എന്നത് ഉയര്‍ന്ന പഠന മികവിന്റെ ഉദാഹരണം തന്നെയാണ്.

ഈ അഞ്ചു വര്‍ഷത്തെ യാത്രയില്‍ 2019 ലെ ദേശീയ അധ്യാപക പുരസ്‌കാരം, 2020 ലെ സംസ്ഥാന ബെസ്റ്റ് പിടിഎ പുരസ്‌കാരം മൂന്നാംസ്ഥാനം , 2022 ലെ സീഡ് ഹരിതമുകുളം പുരസ്‌കാരം എന്നിങ്ങനെ പല അംഗീകാരങ്ങളും  ചെറിയാക്കര വിദ്യാലയത്തെ തേടിയെത്തി.

2023 ഫെബ്രു 20 ന്  കേരളത്തിന്റെ ആരാധ്യനായ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ചെറിയാക്കരയുടെ  പുതിയ ഹൈടെക് കെട്ടിടം ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് കൊണ്ട് പണി കഴിപ്പിച്ച കെട്ടിടം ജണഉ യില്‍ നിന്ന് കൈമാറിക്കിട്ടിയ രണ്ട് മാസത്തിനുള്ളില്‍ അസംബ്ലി പന്തല്‍, ഇന്‍ഡോര്‍ ഗെയിം ഏരിയ, ഓടു വിരിച്ച ഒരു വായനാപ്പുര, നിള ട്രസ്റ്റ് ബാംഗ്ലൂരിന്റെ പിന്തുണയോടെ പത്തോളം കമ്പ്യൂട്ടറുകളുള്ള മികച്ച കമ്പ്യൂട്ടര്‍ ലാബ്, എല്ലാ ക്ലാസിലും പ്രൊജക്ടര്‍ / ടി.വി, സ്‌കൂള്‍ ആകാശവാണി യൂണിറ്റ്, നവീകരിച്ച ഫര്‍ണിച്ചര്‍, ചുവര്‍ ചിത്രങ്ങള്‍, ട്രാഫിക്ക് ലേണിങ് നടവഴി, നവീകരിച്ച ലൈബ്രറിയും, ഓഫീസും, മികച്ച പൂന്തോട്ടവും....ഇവ യൊക്കെത്തന്നെയും പൂര്‍ത്തിയാക്കിയാണ് ഹൈടെക്ക് കെട്ടിടം കുഞ്ഞുങ്ങള്‍ക്ക് ബില്‍ഡിങ്ങ് ഉദ്ഘാടന ദിനം തന്നെ കൈമാറിയത് എന്നൊരു പ്രത്യകതയും ചെറിയാക്കരയുടെ കെട്ടിടോദ്ഘാടനത്തിനുണ്ട്.  

വിദ്യാലയത്തിനായുള്ള വിഭവ സമാഹരണ ത്തില്‍  ഈ ഗ്രാമം ഓരോ ഘട്ടത്തിലും മാതൃക തീര്‍ക്കുക യാണ്. സമൂഹത്തില്‍ നിന്നും ഇക്കഴിഞ്ഞ രണ്ട് മാസക്കാലയളവില്‍ ഏഴ് ലക്ഷത്തോളം രൂപ സമാഹരിച്ചാണ് മേല്‍സൂചിപ്പിച്ച സംവിധാനങ്ങളൊക്കെയും പൂര്‍ത്തിയാക്കി യത്.

താഴ്ന്നു കൊടുക്കാന്‍ ഇനി തങ്ങള്‍ക്കി ടമില്ലെന്ന് അനുഭവിച്ചറിഞ്ഞ ചെറിയാക്കരക്കാര്‍ സംഭാവന നല്‍കുന്നത് വിഭവങ്ങളും സമ്പത്തും മാത്രമല്ല,അവരുടെ അധ്വാനം കൂടിയാണ്. അവനവന്റെ കൂരയില്‍ അന്നമൂട്ടാന്‍ കരുത്തായുള്ള അധ്വാന ശേഷിയും ആ ഗ്രാമം ഈ സ്‌കൂളിന്റെ മുന്നോട്ടുള്ള യാത്രയില്‍ സ്വയം സമര്‍പ്പിക്കുന്നു. ഒരു ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേറ്റ ഈ ഗ്രാമീണ മാതൃകാവിദ്യാലയത്തെ ഇനിയീ ഗ്രാമം കാക്കുക തന്നെ ചെയ്യും.


No comments:

Post a Comment